2019 ലോകകപ്പിലെ ആ വീക്നെസ് ഇന്ത്യയ്ക്ക് ഇപ്പോഴുമുണ്ട്. ടീമിലെ ഗുരുതര പ്രശ്നം ചൂണ്ടിക്കാട്ടി കുംബ്ലെ.

2023 ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഏഷ്യാകപ്പിൽ അടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യൻ ടീം ലോകകപ്പിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വീക്നെസ് ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെ. 2019ൽ ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യക്കുണ്ടായിരുന്ന അതേ വീക്നെസ് ഇപ്പോഴുമുണ്ട് എന്നാണ് അനിൽ കുംബ്ലെ പറയുന്നത്. ടീമിൽ കൂടുതൽ ഓൾ റൗണ്ടർമാർ ഇല്ലാത്തതാണ് ഇന്ത്യയുടെ വീക്നെസായി കുംബ്ലെ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് കൂടുതൽ ഓൾ റൗണ്ടർമാരെ ഇന്ത്യൻ ടീമിന് വളർത്തിക്കൊണ്ടു വരാൻ സാധിക്കാത്തത് എന്നും കുംബ്ലെ ചോദിക്കുന്നു.

“കഴിഞ്ഞ ലോകകപ്പിൽ നിന്ന് 2023 ലോകകപ്പിലേക്ക് വരുമ്പോഴും ഇന്ത്യക്ക് തങ്ങളുടെ പ്രധാന പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ മികച്ച ഓൾ റൗണ്ടർമാരെ നമുക്ക് ടീമിൽ ആവശ്യമാണ്. 2019ലെ ഇന്ത്യൻ ടീമിന്റെ ദൗർബല്യവും ഇതു തന്നെയായിരുന്നു. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അതിനൊരു ഉത്തരം കണ്ടെത്താൻ നമുക്ക് സാധിച്ചിട്ടില്ല. ബാറ്റിംഗിനൊപ്പം ബോളിങ്ങിൽ കൂടി ടീമിന് സഹായം ചെയ്യാൻ സാധിക്കുന്ന താരങ്ങളാണ് ഇന്ത്യയ്ക്ക് ഇല്ലാത്തത്. ബാറ്റ് ചെയ്യാൻ സാധിക്കുന്ന ബോളർമാർ നമുക്കുണ്ട്. പക്ഷേ അത് പ്രധാന കാര്യമല്ല. ബോൾ ചെയ്യാൻ സാധിക്കുന്ന ബാറ്റർമാരെയാണ് ടീമിന് ആവശ്യം. അത് ടീമിന് കൂടുതൽ ഡെപ്ത് നൽകും.”- അനിൽ കുംബ്ലെ പറയുന്നു.

“2019 ലെ ലോകകപ്പിന് ശേഷം നമുക്ക് 4 വർഷങ്ങൾ ലഭിച്ചു. പക്ഷേ ഇത്തരത്തിൽ ബാറ്റിംഗ് ഓൾറൗണ്ടർമാരെ കണ്ടെത്തുന്നതിൽ നമ്മൾ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. അത്തരത്തിലുള്ള താരങ്ങളെ തിരിച്ചറിയാൻ നമുക്ക് സാധിച്ചില്ല. അങ്ങനെയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ ബാറ്റിങ്ങിനൊപ്പം ബോളിങ്ങിൽ കൂടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കേണ്ടത് ഉണ്ടായിരുന്നു. പക്ഷേ ആ നിർദ്ദേശങ്ങൾ നൽകാനും നമുക്ക് സാധിച്ചില്ല. ഉദാഹരണത്തിന് നിലവിൽ ഇന്ത്യയുടെ ലൈം ലൈറ്റിൽ നിൽക്കുന്ന താരമാണ് ജെയിസ്വാൾ. തരക്കേടില്ലാത്ത രീതിയിൽ ബോൾ ചെയ്യുന്ന ആളാണ് ജെയിസ്വാൾ. പക്ഷേ കഴിഞ്ഞ വർഷങ്ങളിലൊന്നും തന്നെ മത്സരങ്ങളിൽ ജെയിസ്വാൾ കാര്യമായി ബോൾ ചെയ്തിട്ടില്ല.”- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

“ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലുള്ള താരങ്ങളിൽ നിലവിൽ ശ്രേയസ് അയ്യരാണ് കുറച്ചെങ്കിലും ബോൾ ചെയ്യുന്നത്. പക്ഷേ നിലവിൽ പരിക്കിന്റെ സാഹചര്യത്തിൽ അയ്യർ ബോൾ ചെയ്യാൻ സാധ്യത കുറവാണ്. മുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമ ബോൾ ചെയ്യാറുണ്ടായിരുന്നു. പക്ഷേ അന്ന് പരിക്ക് പറ്റിയതിന് ശേഷം രോഹിത് ബോൾ ചെയ്യില്ല. അതുകൊണ്ടുതന്നെ ആരാണ് ശരിക്കും ഇന്ത്യയുടെ മുൻനിരയിൽ ബോൾ ചെയ്യുന്ന ബാറ്റർമാരുള്ളത്? ഇന്ത്യ പോലൊരു ടീമിന് ഇത്തരമൊരു ഓപ്ഷൻ വളരെ ആവശ്യമാണ്. ഇപ്പോഴത്തെ ടീമിന് ബാറ്റിംഗിൽ മാത്രമാണ് ഡെപ്തുള്ളത്. പക്ഷേ ഇന്ത്യയ്ക്ക് ആവശ്യം അതായിരുന്നില്ല.” – കുംബ്ലെ പറഞ്ഞുവെക്കുന്നു.