ആയിരം ദിവസത്തിലധികം നീണ്ട തന്റെ സെഞ്ച്വറി വരൾച്ച ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി അവസാനിപ്പിച്ചത് കഴിഞ്ഞദിവസം നടന്ന ഏഷ്യാകപ്പിലെ സൂപ്പർ ഫോറിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു. വെടിക്കെട്ട് പ്രകടനമായിരുന്നു അഫ്ഗാനെതിരെ താരം പുറത്തെടുത്തത്. 61 പന്തിൽ 13 ബൗണ്ടറികളും ആറ് സിക്സറുകളും അടക്കം 122 റൺസ് ആണ് താരം സ്വന്തമാക്കിയത്.
ടൂർണമെന്റിൽ ഫൈനൽ കാണാതായ പുറത്തായ ഇന്ത്യയുടെ അവസാന മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യയ്ക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. ഇന്ത്യ കിരീടം നേടാൻ ആകാതെ പുറത്തായ സങ്കടം എല്ലാ ഇന്ത്യൻ ആരാധകരും മറന്നത് കോഹ്ലി സെഞ്ച്വറി നേടിയതോടെ ആയിരുന്നു. ഇന്ത്യൻ ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് ആരാധകരും കോഹ്ലിയുടെ തിരിച്ചുവരവിനെ വാനോളം പുകഴ്ത്തി.
കരിയറിലെ ഒരു ഘട്ടത്തിൽ എല്ലാ ഫോർമാറ്റുകളിലും ആയി 100 സെഞ്ചുറികൾ നേടിയ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്ലി മറികടക്കും എന്ന് ഉറപ്പായിരുന്നു. എന്നാൽ എല്ലാ ക്രിക്കറ്റ് ആരാധകരെയും പ്രതീക്ഷകൾ തെറ്റിച്ച് സെഞ്ച്വറികൾ ഇല്ലാതെ മൂന്ന് വർഷങ്ങളിലൂടെയാണ് ഇന്ത്യൻ സൂപ്പർ താരം കടന്നുപോയത്. ഇന്ത്യൻ മുൻ നായകന്റെ കാലം അവസാനിച്ചു എന്ന് എല്ലാവരും വിശ്വസിച്ചു വരുന്ന സമയത്താണ് സെഞ്ചുറി നേടി താരം വീണ്ടും ട്രാക്കിൽ എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ കോഹ്ലിയെ പറ്റി മുൻ പാക് താരം ഷോയിബ് അക്തർ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. 70ൽ നിന്ന് 71ൽ എത്താൻ ഒരുപാട് ദിവസം എടുത്തു എന്നും അതുകൊണ്ടുതന്നെ അടുത്ത 21 സെഞ്ച്വറികൾ നേടാൻ കോഹ്ലിക്ക് ബുദ്ധിമുട്ടുള്ള പാതയായിരിക്കും എന്നുമാണ് അക്തർ പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“വിരാട് കോഹ്ലി, നിങ്ങളോടൊപ്പം നല്ല കാര്യങ്ങൾ സംഭവിക്കും. ഈ സെഞ്ചുറികള്‍ വരാൻ പ്രയാസമായിരിക്കും എന്ന് ഓർക്കുക. എന്നാൽ ധൈര്യം കൈവിടരുത്, കാരണം നിങ്ങൾ എക്കാലത്തെയും മികച്ചവനാകും. അതിനാൽ സ്വയം ശ്രമിക്കുന്നത് തുടരുക.വിരാട് എക്കാലത്തെയും മികച്ച ബാറ്റർ ആണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടണ്ട്. എന്നാൽ അടുത്ത 29 സെഞ്ചുറികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള പാതയാണ്, കാരണം 70-ൽ നിന്ന് 71-ാം സെഞ്ചുറിയിലെത്താൻ 900 ദിവസമെടുത്തു.”- അക്തർ പറഞ്ഞു.