ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 296 റണ്‍സില്‍ എല്ലാവരും പുറത്തായി. 71 ന് 4 എന്ന നിലയില്‍ നിന്നും രഹാനെ (89) ജഡേജ (48) താക്കൂര്‍ (51) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ ഫോളോഓണില്‍ നിന്നും ഒഴിവാക്കിയത്. മൂന്നാം ദിനത്തിന്‍റെ ആരംഭത്തില്‍ ഭരതിനെ നഷ്ടമായ ഇന്ത്യക്ക് രഹാനെ – താക്കൂര്‍ കൂട്ടൂകെട്ടാണ് മുന്നോട്ട് നയിച്ചത്.
ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏഴാമനായി ഇറങ്ങിയ താക്കൂര്‍ ഇംഗ്ലണ്ടിലെ ഓവലില്‍ തന്‍റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണ് അടിച്ചത്. ഏഴാമനായി ഇറങ്ങിയ താക്കൂര്‍ 109 പന്തില്‍ 51 റണ്‍സാണ് നേടിയത്.
2021 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ രണ്ട് ഇന്നിംഗ്സിലും താക്കൂര്‍ ഫിഫ്റ്റി നേടിയിരുന്നു. ഇപ്പോഴിതാ ഓവലിലേക്ക് തിരിച്ചെത്തിയ താക്കൂര്‍ മറ്റൊരു ഫിഫ്റ്റി സ്വന്തമാക്കിയിരിക്കുകയാണ്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയോടെ ഒരു എലൈറ്റ് ലിസ്റ്റിലും ഇടം പിടിച്ചിരിക്കുകയാണ് ഷര്‍ദ്ദുല്‍ താക്കൂര്‍. ഓവലില്‍ ഇതിനു മുന്‍പ് ഹാട്രിക്ക് അര്‍ധസെഞ്ചുറി നേടിയട്ടുള്ളത് രണ്ട് താരങ്ങള്‍ മാത്രമാണ്.
ഇതിഹാസ താരങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, അലന്‍ ബോര്‍ഡര്‍ എന്നിവരാണ് ഓവലില്‍ തുടര്‍ച്ചയായ 3 അര്‍ധസെഞ്ചുറി നേടിയട്ടുള്ളത്.