ഒരു ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ശ്രീലങ്ക ഏഷ്യാകപ്പിൽ പുറത്തെടുത്തത്. ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റു കൊണ്ട് ടൂർണമെന്റിന് തുടക്കം കുറിച്ച ശ്രീലങ്ക സൂപ്പർ ഫോർ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുമെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ വിധിയെഴുതിയ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പിന്നീടങ്ങോട്ട് ഏഷ്യ കപ്പ് ടൂർണമെന്റിൽ തങ്ങളെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച അഫ്ഗാനിസ്ഥാനെ അടക്കം പങ്കെടുത്ത ഹോങ്കോങ് ഒഴികെ ബാക്കി എല്ലാ ടീമുകളെയും തോൽപ്പിച്ച് കിരീടം ഉയർത്തി തലയുയർത്തി കൊണ്ടായിരുന്നു ശ്രീലങ്ക ദുബായിൽ നിന്നും തിരിച്ച് വണ്ടി കയറിയത്.
കിരീട ഫേവറിറ്റുകളായ ഇന്ത്യയെ സൂപ്പർ ഫോറിലും മറ്റൊരു ഫേവറിറ്റുകൾ ആയ പാക്കിസ്ഥാനെ സൂപ്പർ ഫോറിലും,ഫൈനലിലും തോൽപ്പിച്ചാണ് ശ്രീലങ്ക കിരീടം ഉയർത്തിയത്. ടൂർണമെന്റിന്റെ തുടക്കത്തിൽ 1% ആളുകൾ പോലും പ്രതീക്ഷ കൽപ്പിക്കാത്ത ടീമായിരുന്നു ലങ്ക. എന്നാൽ ക്രിക്കറ്റിൽ ലങ്കയുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ കുറച്ചുകാലമായി തങ്ങളെ എഴുതിത്തള്ളിയവർക്ക് മുമ്പിൽ കിരീടം നേട്ടത്തോടെ തലയുയർത്തിയാണ് ലങ്ക മറുപടി നൽകിയത്.
ഇപ്പോഴിതാ തങ്ങളുടെ ആറാമത്തെ ഏഷ്യാകപ്പിൽ മുത്തമിട്ട ലങ്കയുടെ കിരീട വിജയത്തിൻ്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ ദസുൻ ഷനക. തങ്ങളുടെ കിരീട വിജയത്തിന് പിന്നിലെ രഹസ്യം 2021 ഐപിഎല്ലിൽ ഇതേ വേദിയിൽ വച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് നേടിയ വിജയമാണ് തങ്ങൾക്ക് പ്രചോദനമായത് എന്നാണ് ശ്രീലങ്കൻ നായകൻ പറഞ്ഞത്. അന്ന് കൊൽക്കത്തയെ തോൽപ്പിച്ച് സി എസ് കെ നാലാം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു.
അന്ന് ആദ്യം ബാറ്റ് ചെയ്തത് ചെന്നൈ ആയിരുന്നു. ടോസ് നേടി ശ്രീലങ്കയെ ബാറ്റിങ്ങിന് അയച്ചപ്പോൾ തന്നെ പാക്കിസ്ഥാന്റെ വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ആരാധകരുടെ പ്രതീക്ഷകൾക്ക് ശരിവെച്ചുകൊണ്ട് തന്നെയായിരുന്നു ശ്രീലങ്കയുടെ തുടക്കവും. ബാറ്റിങ് തകർച്ചയോടെ തുടങ്ങിയ ശ്രീലങ്കയെ ഭാനുക രാജപക്സയും വനിന്ദു ഹസരംഗയും ചേർന്നാണ് കരകയറ്റിയത്.