ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു തകർപ്പൻ പന്തിൽ ക്യാമറോൺ ഗ്രീനിന്റെ കുറ്റിതെറിപ്പിച്ച് മുഹമ്മദ് ഷാമി. മത്സരത്തിൽ ഒരു അത്ഭുത ബോളിലായിരുന്നു മുഹമ്മദ് ഷാമി ഗ്രീനിനെ കൂടാരം കയറ്റിയത്. ഫുൾ ലെങ്തിൽ വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ക്യാമറോൺ ഗ്രീൻ. എന്നാൽ ഷാമിയുടെ പന്ത് അവസാന നിമിഷം മൂവ് ചെയ്ത് സ്റ്റാമ്പിൽ കയറുകയുണ്ടായി. ഇതോടെ ഗ്രീനിന്റെ മത്സരത്തിലെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. ഓസ്ട്രേലിയ വലിയ തകർച്ചയിലേക്ക് പോകാൻ കാരണമായതും മുഹമ്മദ് ഷാമിയുടെ ഈ അത്ഭുതബോൾ തന്നെയായിരുന്നു.
മത്സരത്തിന്റെ 32ലെ ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം അരങ്ങേറിയത്. മിഡിൽ സ്റ്റമ്പിലായി ഫുൾ ലെങ്ത്തിലാണ് മുഹമ്മദ് ഷാമി പന്തറിഞ്ഞത്. ഗ്രീൻ സാധാരണ പോലെ തന്നെ പന്തിനെ ഫ്രണ്ട് ഫുഡിൽ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ വലിയ രീതിയിൽ ഫുഡ് മൂവമെന്റ് വരുത്താൻ ഗ്രീനിന് സാധിച്ചില്ല. ഗ്രീനിന് അടുത്തെത്തിയ ഉടൻ പന്ത് ചെറിയ രീതിയിൽ മൂവ് ചെയ്യുകയും, ഓഫ് സ്റ്റമ്പിൽ പതിക്കുകയുമാണ് ചെയ്തത്. ഇതോടെ 19 പന്തുകളിൽ 12 റൺസെടുത്ത ഗ്രീൻ കൂടാരം കയറുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയായിരുന്നു ഗ്രീനിന്റെ വിക്കറ്റ്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ആദ്യ ഓവറുകളിൽ ഓസ്ട്രേലിയയ്ക്കായി മിച്ചൽ മാർഷ് വളരെ മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു. പക്ഷേ ഇന്ത്യൻ ബോളർമാർ പിന്നീട് ഒരു വലിയ തിരിച്ചുവരവ് തന്നെ നടത്തുകയുണ്ടായി. ഇതോടെ ഓസ്ട്രേലിയൻ മധ്യനിര തകർന്നു വീഴുകയായിരുന്നു.
മുഹമ്മദ് ഷാമിയും മുഹമ്മദ് സിറാജും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സിൽ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. രവീന്ദ്ര ജഡജ 2 വിക്കറ്റുകൾ വീഴ്ത്തി ഇരുവർക്കും മികച്ച പിന്തുണ നൽകി. ഇതോടെ ഓസ്ട്രേലിയയുടെ ഇന്നിങ്സ് കേവലം 188 റൺസിൽ അവസാനിക്കുകയാണ് ഉണ്ടായത്. മികച്ച ഒരു ബാറ്റിംഗ് പ്രകടനം നടത്തി ഈ ചെറിയ സ്കോർ എത്രയും വേഗം മറികടക്കാൻ തന്നെയാവും ഇന്ത്യയുടെ ശ്രമം.