2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അണിനിരന്ന ഓസ്ട്രേലിയയുടെ യുവതാരമാണ് കൂപ്പർ കോൺലി. എന്നിരുന്നാലും മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചില്ല. മുഹമ്മദ് ഷമിയുടെ പന്തിൽ കോണ്‍ലി പുറത്താവുകയായിരുന്നു. 9 പന്തുകൾ മത്സരത്തിൽ നേരിട്ടെങ്കിലും ഒരു റൺ പോലും നേടാതെയാണ് കോൺലി മടങ്ങിയത്. ഇതിന് ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺലി ഇപ്പോൾ.
മുഹമ്മദ് ഷാമി എല്ലാതരത്തിലും ലോകനിലവാരമുള്ള ഒരു താരമാണ് എന്ന് കോൺലി തുറന്നു പറയുകയുണ്ടായി. “എന്ത് അടിസ്ഥാനത്തിൽ നോക്കിയാലും മുഹമ്മദ് ഷമി ഒരു ലോകനിലവാരമുള്ള കളിക്കാരൻ തന്നെയാണ്. കുറച്ചധികം കാലമായി ഷമി ക്രിക്കറ്റിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ സമീപകാലത്ത് കാഴ്ചവയ്ക്കാൻ ഷാമിയ്ക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ ഇന്ത്യയ്ക്കെതിരായ മത്സരവും വളരെ മികച്ചത് തന്നെയായിരുന്നു. എനിക്ക് ഒരുപാട് കാര്യങ്ങൾ ആ മത്സരത്തിൽ നിന്ന് പഠിക്കാൻ സാധിച്ചിട്ടുണ്ട്.”- കോണ്‍ലി പറഞ്ഞു.
മത്സരത്തിൽ രോഹിത് ശർമയുടെ ക്യാച്ച് കോൺലി നഷ്ടപ്പെടുത്തിയിരുന്നു. ഇത് തനിക്ക് വലിയ രീതിയിൽ നിരാശ ഉണ്ടാക്കി എന്നും യുവതാരം പറയുകയുണ്ടായി. “ഇത് ക്രിക്കറ്റ് എന്ന മത്സരമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാവാറുണ്ട്. മത്സരത്തിൽ ഞാൻ രോഹിത് ശർമയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. പക്ഷേ ബോൾ ചെയ്യാൻ ക്രീസിൽ എത്തിയപ്പോൾ അതെന്നെ വലിയ നിരാശനാക്കിയില്ല. കാരണം ആ സമയത്ത് എന്റെ ടീമിനായി വിക്കറ്റ് സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമാണ് എന്റെ മുൻപിൽ ഉണ്ടായിരുന്നത്.”- കോൺലി കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ ഉഗ്രൻ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 8 ഓവറുകൾ പന്തറിഞ്ഞ കോൺലി 37 റൺസ് മാത്രമായിരുന്നു വിട്ടു നൽകിയിരുന്നത്. എന്നിരുന്നാലും ഇന്ത്യയുടെ വിജയത്തെ തടുക്കാൻ യുവതാരത്തിന് സാധിച്ചില്ല. ഇതുവരെ ഓസ്ട്രേലിക്കായി ഒരു ടെസ്റ്റ് മത്സരവും 4 ഏകദിന മത്സരങ്ങളും 2 ട്വന്റി20 മത്സരങ്ങളുമാണ് കോൺലി കളിച്ചിട്ടുള്ളത്.