ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ പല റെക്കോർഡുകളും മുഹമ്മദ് ഷാമി മാറ്റി കുറിക്കുകയുണ്ടായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഡൽഹി ഇന്നിങ്സിലെ ആദ്യ ബോൾ മുതൽ മുഹമ്മദ് ഷാമി തീ തുപ്പി. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സ്റ്റാർ ബാറ്റർ ഫിൽ സോൾട്ടിനെ കൂടാരം കയറ്റിയാണ് ഷാമി തുടങ്ങിയത്. പിന്നീട് തന്റെ ആദ്യ നാല് ഓവറുകളിൽ തന്നെ നാലു വിക്കറ്റുകൾ നേടി ഡൽഹിയുടെ നട്ടെല്ലൊടിക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചു. ഇതോടൊപ്പം കുറച്ച് റെക്കോർഡുകളും മുഹമ്മദ് ഷാമി പേരിൽ ചേർത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ പവർപ്ലെ ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി മത്സരത്തിൽ കാഴ്ചവച്ചത്. പവർപ്ലെയിൽ 3 ഓവറുകൾ എറിഞ്ഞ് 7 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ ഷാമി നേടുകയുണ്ടായി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇഷാന്ത് ശർമ്മ മാത്രമാണ് ഇതിനുമുമ്പ് പവർപ്ലെയിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. 2012ൽ കൊച്ചി ടസ്ക്കേഴ്സിനെതിരായ ഡെക്കാൻ ചാർജേഴ്സിന്റെ മത്സരത്തിലായിരുന്നു ഇഷാന്ത് ഈ വമ്പൻ പ്രകടനം പുറത്തെടുത്തത്. ഡെക്കാൻ ചാർജേഴ്സിനെതിരായ മത്സരത്തിൽ 12 റൺസ് വിട്ടു നൽകി 5 വിക്കറ്റുകളായിരുന്നു അന്ന് പവർപ്ലേയിൽ ഇഷാന്ത് വീഴ്ത്തിയത്. ഇഷാന്ത് ഒഴികെ മറ്റൊരു ബോളർക്കും ഇതുവരെ പവർപ്ലെയിൽ 5 വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചിട്ടില്ല.
ഇതോടെ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഷാമി. ലിസ്റ്റിൽ മൂന്നാമതുള്ളത് പവർപ്ലെയിൽ 8 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ധവാൽ കുൽകർണിയാണ്. 2016ൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയാണ് കുൽക്കർണി പവർപ്ലെയിൽ 4 വിക്കറ്റുകൾ പിഴുതത്.
മുഹമ്മദ് ഷാമിയുടെ നിലവിലെ ബോളിംഗ് ഫോം ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്നതാണ്. 2023 ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും അടക്കമുള്ള മത്സരങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഷാമിയുടെ ടൂർണമെന്റിലെ പ്രകടനം ഇന്ത്യക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ 11 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ ആയിരുന്നു മുഹമ്മദ് ഷാമി നേടിയത്. ഷാമിയുടെ ഈ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഡൽഹിയെ 129 റൺസിൽ ഒതുക്കാൻ ഗുജറാത്തിന് സാധിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിൽ ചെറിയ വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്തിന് സാധിക്കാതെ വരികയും, ഗുജറാത്ത് മത്സരത്തിൽ 5 റൺസിന് പരാജയമറിയുകയുമാണ് ചെയ്തത്.