ഐസിസി ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ അഞ്ചു റൺസിനു തോൽപിച്ച് സെമി പ്രതീക്ഷകൾ ടീം ഇന്ത്യ സജീവമാക്കി. മഴ കാരണം വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി കുറച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ ബംഗ്ലദേശിനു സാധിച്ചുള്ളൂ.
നാലു മത്സരങ്ങളിൽ ആറു പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ മത്സരം വിജയിക്കുമെന്ന് ബംഗ്ലാദേശ് കരുതിയെങ്കിലും പിന്നീട് ഇന്ത്യ വിജയം തട്ടിയെടുക്കുകയായിരുന്നു.
ആദ്യം മത്സരത്തില്‍ മുന്നില്‍ നിന്ന് പിന്നീട് ഇന്ത്യക്കെതിരെ തോല്‍വി വഴങ്ങുന്നത് സ്ഥിരം കഥയാണെന്ന് മത്സര ശേഷം ഷാക്കീബ് പറഞ്ഞു. 2016 ലെ ലോകകപ്പിലും നിദാഹസ് ട്രോഫിയിലും ഇതുപോലെ വിജയിച്ച മത്സരം ബംഗ്ലാദേശ് തോല്‍വി നേരിട്ടിരുന്നു.
” ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോഴുള്ള കഥ ഇതാണ്, ഞങ്ങൾ ഏതാണ്ട് ലക്ഷ്യം വരെ എത്തിയിട്ടുണ്ട്, പക്ഷേ ഫിനിഷ് ചെയ്യാനായില്ലാ. രണ്ട് ടീമുകളും ആസ്വദിച്ചു, മികച്ച ഗെയിമായിരുന്നു, അതാണ് ഞങ്ങൾ ആഗ്രഹിച്ചത്. അവസാനം ആരെങ്കിലും ജയിക്കണം, ആരെങ്കിലും തോൽക്കണം ” മത്സര ശേഷം ഷാക്കീബ് പ്രതികരിച്ചു.
ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടുന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് ഇന്ത്യയെപ്പോലെ വമ്പൻ ടീമുകളെ അട്ടിമറിക്കുക എന്നതാണെന്നും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ മത്സരത്തിനു മുന്നോടിയായി പറഞ്ഞിരുന്നു.