അവസാന ഓവര്‍ ഷമി എറിയണോ അര്‍ഷദീപ് എറിയണോ ? രോഹിത് തിരഞ്ഞെടുത്തത് യുവതാരത്തെ. കാരണം ഇത്

ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലിനടുത്ത് എത്തി. മഴ കളിമുടക്കിയ മത്സരത്തിൽ തകർപ്പൻ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റൺസിനായിരുന്നു ഇന്ത്യൻ ജയം.

അവസാന ഓവറില്‍ വിജയിക്കാന്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിനു വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പന്തേല്‍പ്പിച്ചത് അര്‍ഷദീപ് സിങ്ങിനെയായിരുന്നു. മനോഹരമായി ഓവര്‍ പൂര്‍ത്തിയാക്കിയ താരം അഞ്ചു റണ്‍ വിജയം നേടി കൊടുക്കുകയും ചെയ്തു. ഇതു കൂടാതെ ഒറ്റ ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ പരാജയത്തിലേക്ക് തള്ളി വിട്ടിരുന്നു.

Arshdeep

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷദീപിനെ പ്രശംസിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മറന്നില്ലാ. ” ടീമില്‍ ജസ്പ്രീത് ബുംറയില്ലാ. അതിനാല്‍ പകരം ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നു. അര്‍ഷദീപ് ടീമിലെത്തിയപ്പോള്‍ അവനോട് ഈ ജോലികള്‍ ചെയ്യാനാണ് ആവശ്യപ്പെട്ടത് ”

” ഇത്തരം ജോലി ഒരു യുവതാരം ചെയ്യുന്നത് എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ അവനെ അതിനായി ഒരുക്കിയട്ടുണ്ട്. കഴിഞ്ഞ 9 മാസമായി അര്‍ഷദീപ് ഇത് ചെയ്യുന്നുണ്ട്. ഷമി വേണോ അര്‍ഷദീപ് വേണോ (അവസാന ഓവര്‍ എറിയാന്‍) എന്നായിരുന്നു ചിന്ത. പക്ഷേ ഇതിനു മുന്‍പ് ഇത് ചെയ്തുകൊണ്ടിരുന്ന താരത്തെ പിന്തുണക്കുക എന്നാണ് ഞങ്ങള്‍ ചെയ്തത് ” മത്സര ശേഷം രോഹിത് പറഞ്ഞു.