ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ശക്തമായ ഒരു വിജയം തന്നെയാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 325 എന്ന ശക്തമായ സ്കോറിൽ എത്തുകയുണ്ടായി. ഹാരി ബ്രുക്കിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന് ഇത്തരമൊരു സ്കോർ സമ്മാനിച്ചത്.
എന്നാൽ മറുപടി ബാറ്റിംഗിൽ വെസ്റ്റിൻഡീസ് നായകൻ ഹോപ്പിന്റെ ഹീറോയിസത്തിൽ വിൻഡിസ് വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ 83 പന്തുകളിൽ 109 റൺസെടുത്ത ഹോപ്പ് പുറത്താവാതെ നിന്നു. ഇന്നിങ്സിൽ 4 ബൗണ്ടറികളും 7 സിക്സറുകളുണ് ഉൾപ്പെട്ടത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തിന് തനിക്ക് പ്രചോദനമായത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ വാക്കുകളാണ് എന്ന ഹോപ്പ് പറയുകയുണ്ടായി.
ധോണിയുടെ വാക്കുകൾ തനിക്ക് ഒരുപാട് ഗുണം ചെയ്തു എന്ന് ഹോപ് പറയുന്നു. “ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹത്തോട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ‘എല്ലായ്പ്പോഴും ക്രിക്കറ്റിൽ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ സമയം നമുക്കുണ്ട്’ എന്നാണ്. അക്കാര്യം ഞാൻ എന്റെ ക്രിക്കറ്റ് കരിയറിലുടനീളം ഓർക്കുന്നതാണ്. ഏകദിന ക്രിക്കറ്റിൽ ഞാൻ എപ്പോഴൊക്കെ കളിച്ചാലും ധോണിയുടെ ഈ വാക്കുകൾ എന്റെ ഒപ്പമുണ്ട്.”- വെസ്റ്റിൻഡീസ് നായകൻ പറഞ്ഞു.
“മത്സരത്തിൽ വലിയൊരു വെല്ലുവിളിയാണ് എന്റെ മുൻപിലുണ്ടായിരുന്നത് എന്നെനിക്ക് അറിയാമായിരുന്നു. പ്രത്യേകിച്ച് സാഹചര്യങ്ങൾ പലതും ഞങ്ങൾക്ക് എതിരായിരുന്നു. എന്തൊക്കെ സംഭവിച്ചാലും മത്സരം അവസാന രണ്ട് ഓവറുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയെങ്കിൽ ഞങ്ങൾക്ക് മത്സരം വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു.”
“49ആം ഓവറിൽ രണ്ടാമത്തെ സിക്സർ നേടിയതിന് ശേഷം മത്സരം ഞങ്ങളുടെ കൈപിടിയിൽ എത്തിയതായി എനിക്ക് തോന്നി. മത്സരം ആ ഓവറിൽ തന്നെ ഫിനിഷ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരിക്കലും അവസാന ഓവറിലേക്ക് ഒന്നും ബാക്കി വയ്ക്കാൻ ഞാൻ ശ്രമിച്ചില്ല.”- ഹോപ്പ് കൂട്ടിച്ചേർത്തു.
ഈ തകർപ്പൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു താരം റൊമാരിയോ ഷെപ്പേർഡായിരുന്നു. മത്സരത്തിൽ 28 പന്തുകളിൽ 48 റൺസ് സ്വന്തമാക്കാൻ ഷെപ്പേർഡിന് സാധിച്ചു. മാത്രമല്ല ഹോപിനൊപ്പം ആറാം 89 റൺസും ഷെപ്പേർഡ് കൂട്ടിച്ചേർക്കുകയുണ്ടായി. മത്സരത്തിലെ വിജയം തങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട് എന്ന് ഷെപ്പേർഡ് പറയുന്നു. മാത്രമല്ല ഹോപ്പ് എല്ലായിപ്പോഴും ടീമിന് ആശ്രയിക്കാൻ സാധിക്കുന്ന ഒരു താരമാണ് എന്നും ഷെപ്പേർഡ് കൂട്ടിച്ചേർത്തു. മത്സരത്തിലെ പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിലും തുടരാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് ഷെപ്പേർഡ് പറഞ്ഞുവയ്ക്കുന്നത്.