ഫോം നോക്കി മാത്രമേ കോഹ്ലിയേയും രോഹിതിനെയും ട്വന്റി20 കളിപ്പിക്കാവൂ. മറ്റു മാനദണ്ഡങ്ങൾക്ക് പ്രസക്തിയില്ലെന്ന് മഞ്ജരേക്കർ.

kohli and rohit

2024 ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയോടുകൂടി യുവതാരങ്ങളെ അണിയിച്ചൊരുക്കി ലോകകപ്പിന് സജ്ജമാക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ. എന്നാൽ നിലവിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരെ ഇന്ത്യ പൂർണമായും കുട്ടി ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ പോലും ഇന്ത്യ വിരാടിനെയും രോഹിത്തിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷേ 2024 ലോകകപ്പിൽ ഈ താരങ്ങളുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് വലിയ രീതിയിൽ പ്രയോജനപ്പെടും എന്നാണ് മുൻ താരങ്ങളടക്കം വിലയിരുത്തിയിരിക്കുന്നത്. ഇത്തരം അഭിപ്രായങ്ങൾ വരുന്ന സമയത്ത് ഇന്ത്യ രോഹിത്തിനെയും കോഹ്ലിയെയും തങ്ങളുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണമോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് സെലക്ഷൻ പൂർണമായും താരങ്ങളുടെ ഫോം അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്നാണ് മഞ്ജരേക്കർ പറയുന്നത്. എല്ലാ താരങ്ങളും ലോകകപ്പിൽ മുൻപ് തങ്ങളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട് എന്ന് മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. ടൂർണമെന്റിന് അടുത്തെത്തുന്ന സമയത്ത് ഇന്ത്യ രോഹിത്തിന്റെയും കോഹ്ലിയുടെയും ടീമിലെ സ്ഥാനം നിശ്ചയിക്കും എന്നാണ് മഞ്ജരേക്കർ കരുതുന്നത്.

“എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് യാതൊരു വിവരവുമില്ല. നാളെ എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. എന്റെ അഭിപ്രായത്തിൽ വളരെ ലളിതമായ ഒരു സമീപനമാവും ഇന്ത്യ ഈ താരങ്ങളോട് സ്വീകരിക്കുക. നമ്മൾ ഒരുപാട് ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ഒരുപാട് വിജയങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.”- മഞ്ജരേക്കർ പറയുന്നു.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

“പല ലോകകപ്പുകളിലും ഫൈനൽ സ്റ്റേജുകളിൽ നമ്മൾ കുറച്ച് വ്യത്യസ്തമായ രീതിയിലാണ് കളിക്കുന്നത്. അത് പല സമയത്തും പരാജയത്തിനും കാരണമായിട്ടുണ്ട്. കാര്യങ്ങൾ നമ്മുടെ കയ്യിൽ നിന്ന് പോകുന്ന സമയത്ത് കുറച്ചുകൂടി ലളിതമായി ചിന്തിക്കാൻ ഇന്ത്യ തയ്യാറാവണം. അതിനാൽ തന്നെ ലോകകപ്പിന് അടുത്തെത്തുന്ന സമയത്ത് മാത്രമേ ഇന്ത്യ കൃത്യമായ ഒരു ടീം തെരഞ്ഞെടുക്കാൻ പാടുള്ളൂ.”- മഞ്ജരേക്കർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം വിരാട് കോഹ്ലിയും രോഹിത് ശർമയും തങ്ങളുടെ ട്വന്റി20 ടീമിലെ സ്ഥാനം ഉറപ്പിക്കാനായി പൊരുതേണ്ടതുണ്ട് എന്നാണ് മഞ്ജരേക്കർ കൂട്ടിച്ചേർത്തിരിക്കുന്നത്.

“നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന യുവ താരങ്ങളെക്കാൾ മികച്ച ബാറ്ററാണ് താനെന്ന് വിരാട് കോഹ്ലി തെളിയിക്കേണ്ടതുണ്ട്. ഹർദിക് പാണ്ട്യയേക്കാൾ മികച്ച നായകനാണെന്നും ട്വന്റി20 ബാറ്ററാണെന്നും രോഹിത് ശർമയും തെളിയിക്കാൻ തയ്യാറാവണം. ഇത്തരത്തിൽ എല്ലാ താരങ്ങളും തങ്ങളുടെ ഫോം തെളിയിച്ചാൽ മാത്രമേ ലോകകപ്പിനായി മികച്ച ഒരു സ്ക്വാഡ് കെട്ടിപ്പടുക്കാൻ സാധിക്കൂ.”- മഞ്ജരേക്കർ പറഞ്ഞു വയ്ക്കുന്നു. 2022 ലോകകപ്പിലായിരുന്നു അവസാനമായി കോഹ്ലിയും രോഹിത്തും ഇന്ത്യയ്ക്കായി കുട്ടി ക്രിക്കറ്റിൽ അണിനിരന്നത്. ടൂർണമെന്റിൽ 296 റൺസുമായി കോഹ്ലിയായിരുന്നു ഇന്ത്യയുടെ ഉയർന്ന സ്കോറർ.

Scroll to Top