ഒഴിവാക്കിയിട്ടും ലോകകപ്പിൽ സഞ്ജു തരംഗം. ശതാബ് ഖാനൊപ്പം വേദി പങ്കിട്ട് താരം.

2023 ഏകദിന ലോകകപ്പിന്റെ ആവേശം ആരംഭിക്കുകയാണ്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് സന്നഹ മത്സരങ്ങൾ ആരംഭിക്കുക. ലോകകപ്പിനായി എല്ലാ ടീമുകളും ഇന്ത്യയിലേക്ക് എത്തിക്കഴിഞ്ഞു. ഏഴു വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ ടീം ഒരു ലോകകപ്പിനായി ഇന്ത്യൻ മണ്ണിലേക്ക് എത്തുന്നത്. വലിയ സ്വീകരണം തന്നെയായിരുന്നു പാക്കിസ്ഥാൻ ടീമിന് ഹൈദരാബാദിൽ ലഭിച്ചത്.

ഇന്ത്യയിൽ ലഭിച്ച വലിയ സ്വീകരണത്തിന് പാക്കിസ്ഥാൻ നായകൻ ബാബർ ആസാം അടക്കമുള്ളവർ നന്ദി പറയുകയുമുണ്ടായി. പാക്കിസ്ഥാൻ ഇന്ത്യയിൽ എത്തിയതിന് ശേഷം ഒരു ചിത്രം വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

നിലവിലെ പാക്കിസ്ഥാൻ ഉപനായകനും ഓൾ റൗണ്ടറുമായ ശദാബ് ഖാനും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസനും ഒരു വേദിയിൽ സമയം പങ്കിടുന്നതിന്റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. ഇരുവരും പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പുറത്തുവന്ന നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടുകയുണ്ടായി. ഐസിസി ലോകകപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നുള്ള ചിത്രമാണ് ഇത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങൾ തമ്മിൽ അപൂർവമായി മാത്രമേ ഇത്തരം വേദികളിൽ കണ്ടുമുട്ടാറുള്ളൂ. മൈതാനത്തും മൈതാനത്തിന് പുറത്തും ഇരു രാജ്യങ്ങളിലെയും കളിക്കാർ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം വേദി പങ്കിടലുകൾ അപൂർവമാണ്. ആ സാഹചര്യത്തിൽ കൂടിയാണ് ചിത്രം ഇത്രമാത്രം ശ്രദ്ധ പിടിച്ചു പറ്റിയത്.

മാത്രമല്ല മലയാളി താരം സഞ്ജു സാംസൺ ലോകത്താകമാനം ആരാധകരുള്ള ക്രിക്കറ്ററാണ്. അതിനാൽ തന്നെ സഞ്ജുവിനെ ചേർത്തു നിർത്തിയുള്ള പ്രമോഷന് ഐസിസി തയ്യാറാവുന്നു എന്ന രീതിയിലുള്ള കമന്റുകളും ചിത്രത്തിന്റെ താഴെ കാണാൻ സാധിക്കും.

നിലവിൽ ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ടീമിൽ മലയാളി തരം സഞ്ജു സാംസനെ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സമയങ്ങളിൽ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല. പകരക്കാരായി സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ തുടങ്ങിയവരെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയുടെ ഏഷ്യൻ ഗെയിംസിനുള്ള സ്ക്വാഡിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. എന്നിരുന്നാലും ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ.