പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

buttler and powell

കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി രാജസ്ഥാൻ. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 224 എന്ന വമ്പൻ വിജയലക്ഷ്യം ആത്യന്തം ആവേശകരമായ രീതിയിൽ മറികടന്നാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്.

ഓപ്പണർ ബട്ലറുടെ തകർപ്പൻ സെഞ്ചുറിയും ഒറ്റയാൾ പോരാട്ടവുമാണ് മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിച്ചത്. ഈ ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ബട്ലർ മത്സരത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ 60 പന്തുകൾ നേരിട്ട ബട്ലർ 107 റൺസാണ് നേടിയത്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ ഇന്നിംഗ്സിൽ കാഴ്ചവെച്ചത്. സുനിൽ നരേയന്റെ വമ്പൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കൊൽക്കത്തയുടെ ജൈത്രയാത്ര.

പവർപ്ലേ ഓവറുകളിൽ അടക്കം രാജസ്ഥാൻ ബോളർമാരെ പൂർണമായും അടിച്ചൊതുക്കാൻ നരെയ്ന് സാധിച്ചു. കേവലം 49 പന്തുകളിൽ നിന്നാണ് നരെയൻ തന്റെ സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ 56 പന്തുകൾ നേരിട്ട നരെയൻ 13 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 109 റൺസാണ് നേടിയത്.

ഒപ്പം അവസാന ഓവറുകളിൽ റിങ്കൂ സിംഗ്(2 അടക്കമുള്ളവർ വെടിക്കെട്ട് തീർത്തപ്പോൾ കൊൽക്കത്തയുടെ സ്കോർ കുതിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് കൊൽക്കത്ത മത്സരത്തിൽ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ ജയസ്വാളിന്റെയും(19) നായകൻ സഞ്ജു സാംസന്റെയും(12) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. എന്നാൽ ഒരുവശത്ത് ബട്ലർ ക്രീസിലുറച്ചത് രാജസ്ഥാന് പ്രതീക്ഷകൾ നൽകി. 14 പന്തുകളിൽ 34 റൺസ് നേടിയ പരഗ് ബട്ലർക്കൊപ്പം ചേർന്നതോടെ രാജസ്ഥാൻ കുതിക്കുകയായിരുന്നു.

See also  മുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.

എന്നാൽ മറ്റു മധ്യനിര ബാറ്റർമാർ മികവ് പുലർത്താതിരുന്നതോടെ രാജസ്ഥാൻ വീണ്ടും പിന്നിലേക്ക് പോയി. ശേഷം എട്ടാമനായി ക്രീസിലെത്തിയ പവലാണ്(26) രാജസ്ഥാനായി ആക്രമണം അഴിച്ചുവിട്ടത്. ഈ സമയത്ത് ബട്ലറും അവസരത്തിനൊത്ത് ഉയർന്നതോടെ രാജസ്ഥാന് വിജയ പ്രതീക്ഷകൾ വർദ്ധിച്ചു.

അവസാന ഓവറിൽ കാണാൻ സാധിച്ചത് ബട്ലറുടെ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു. അവസാന 2 ഓവറുകളിൽ 28 റൺസ് ആയിരുന്നു രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഒരു തകർപ്പൻ സിക്സർ നേടിയാണ് ബട്ലർ പത്തൊമ്പതാം ഓവർ ആരംഭിച്ചത്.

ശേഷം ഓവറിലെ മൂന്നാം പന്തിൽ ബട്ലർ സ്ട്രൈറ്റ് ബൗണ്ടറി നേടുകയുണ്ടായി. പിന്നാലെ അടുത്ത പന്തിൽ ഒരു തകർപ്പൻ സിക്സർ നേടി രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കാനും ബട്ലർക്ക് സാധിച്ചു. ഹർഷിത് റാണ എറിഞ്ഞ ഓവറിൽ 19 റൺസാണ് ബട്ലർ നേടിയത്. ഇതോടെ രാജസ്ഥാന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 9 റൺസായി മാറി. സ്പിന്നർ വരുൺ ചക്രവർത്തിയാണ് അവസാന ഓവർ എറിഞ്ഞത്.

ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സർ നേടി തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ ബട്ലർക്ക് സാധിച്ചു. മത്സരത്തിൽ 55 പന്തുകളിൽ നിന്നാണ് ബട്ലർ സെഞ്ച്വറി പൂർത്തീകരിച്ചത്. ശേഷം അടുത്ത 3 പന്തുകളിലും റൺസ് കണ്ടെത്താൻ ബട്ലർക്ക് സാധിച്ചില്ല.എന്നാൽ അഞ്ചാം പന്തിൽ 2 റൺസ് നേടി ബട്ലർ സ്കോർ സമനിലയിലാക്കി. ശേഷം അവസാന പന്തിൽ റൺസ് സ്വന്തമാക്കി ബട്ലർ രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

Scroll to Top