ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും ശാന്തനായ നായകനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന കാര്യത്തിൽ സംശയമില്ല. എല്ലായിപ്പോഴും കളിക്കളത്തിൽ ശാന്തത കാത്തുസൂക്ഷിക്കുന്ന ധോണി എല്ലാത്തരം പ്രകോപനങ്ങളോടും വളരെ സമചിത്തതയോടെയാണ് പ്രതികരിക്കാറുള്ളത്. എന്നാൽ അപൂർവ്വം ചില സാഹചര്യങ്ങളിൽ ധോണി ക്ഷുഭിതനായി കാണപ്പെട്ടിട്ടുണ്ട് എന്ന് മുൻപ് ഇന്ത്യയുടെ ടീം അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.
അത്തരം ഒരു സംഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മലയാളി താരം ശ്രീശാന്തിനെതിരെ ധോണി ദേഷ്യപ്പെട്ടതിനെ പറ്റിയാണ് അശ്വിൻ പറഞ്ഞത്. ദേഷ്യപ്പെട്ട ധോണി ശ്രീശാന്തിനെ തിരികെ നാട്ടിലേക്ക് അയക്കാൻ ആലോചിച്ചതായി അശ്വിൻ വെളിപ്പെടുത്തുകയുണ്ടായി.
2010 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് സംഭവം അരങ്ങേറിയത്. പോർട്ട് ഓഫ് എലിസബത്തിൽ ഒരു ഏകദിന മത്സരം നടക്കുകയായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് ഡഗ്ഔട്ടിലേക്ക് വരാതെ മസാജിനായി ഡ്രസ്സിംഗ് റൂമിൽ തന്നെ സമയം ചെലവഴിച്ചു. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്. “അന്ന് ധോണി ബാറ്റ് ചെയ്തിരിക്കുന്ന സമയത്ത് ഞാനാണ് പലതവണ ഡ്രിങ്ക്സുമായി മൈതാനത്തേക്ക് എത്തിയത്. എന്നാൽ ഇതിനിടെ ശ്രീശാന്ത് എവിടെപ്പോയി എന്ന് ധോണി എന്നോട് ചോദിച്ചു. മുകളിൽ ഡ്രസ്സിംഗ് റൂമിലുണ്ട് എന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു. ശ്രീയോട് താഴെ ഡഗ്ഔട്ടിലെത്തി റിസർവ് കളിക്കാർക്കൊപ്പം ഇരിക്കാൻ പറയണമെന്ന് ധോണി എന്നോട് നിർദ്ദേശിച്ചു.”- അശ്വിൻ പറയുന്നു.
പക്ഷേ ഇതിന് ശേഷവും ശ്രീശാന്ത് ഡൗട്ടിൽ എത്താതെ ഡ്രസ്സിംഗ് റൂമിൽ തന്നെ തുടരുകയായിരുന്നു എന്ന് അശ്വിൻ പറഞ്ഞു. “ശേഷം ഞാൻ വീണ്ടും എന്റെ ഡ്രിങ്ക്സ് ഡ്യൂട്ടി തുടർന്നു. ഒരുതവണ ഹെൽമെറ്റ് മാറ്റാനായി മൈതാനത്ത് എത്തിയപ്പോൾ ധോണി ദേഷ്യപ്പെട്ടു. അത്തരത്തിൽ ദേഷ്യപ്പെട്ട് ധോണിയെ മുൻപൊരിക്കലും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ശ്രീ എവിടെ? എന്താണ് അവൻ ഇങ്ങനെ ചെയ്യുന്നത്? ഇത്തരത്തിൽ ധോണി എന്നോട് ചോദിക്കുകയുണ്ടായി. ശ്രീ മസാജ് ചെയ്യുകയാണ് എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. അപ്പോൾ ധോണി ഒന്നും പറഞ്ഞില്ല. പക്ഷേ അടുത്ത ഓവറിൽ എന്നെ അദ്ദേഹം മൈതാനത്തേക്ക് വിളിക്കുകയും ഹെൽമറ്റ് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.
“ഒപ്പം എന്നോട് അദ്ദേഹം ഒരു കാര്യം പറയുകയും ചെയ്തു. രഞ്ജിബ് സാറിന്റെ അടുത്തേക്ക് പോകണം. ശേഷം ശ്രീയ്ക്ക് ഇവിടെ തുടരാൻ താല്പര്യമില്ല എന്ന് അദ്ദേഹത്തോട് പറയണം. ഇന്ത്യയിലേക്ക് നാളെ അവന് തിരികെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും പറയണം. ഇങ്ങനെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ധോണിയുടെ ഈ വാക്കുകൾ ശരിക്കും എന്നെ ഞെട്ടിച്ചു. ഇക്കാര്യം ഞാൻ ഡ്രെസ്സിങ് റൂമിലെത്തി ശ്രീശാന്തിനോട് പറഞ്ഞു. ഉടൻതന്നെ ശ്രീശാന്ത് ഡഗ്ഔട്ടിലേക്ക് വന്നു.”- അശ്വിൻ പറഞ്ഞു വെക്കുന്നു.