ലോകകപ്പിലെ ആവേശ പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ ടീമിന് ശക്തമായ സൂചന നൽകി പാക്കിസ്ഥാൻ ബോളർ ഷാഹിൻ അഫ്രീദി. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിൽ താൻ 5 വിക്കറ്റുകൾ സ്വന്തമാക്കും എന്നാണ് ഷാഹിൻ അഫ്രിദി പറഞ്ഞിരിക്കുന്നത്. ഹൈദരാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് നാളെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുക.
ഇരു ടീമുകളും ഇത്തവണത്തെ ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യംവെച്ചാണ് ഇരുവരും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഷാഹിൻ അഫ്രീദിയുടെ ശക്തമായ വെല്ലുവിളി.
നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പരിശീലനം നടത്തി തിരിച്ചു പോകുന്ന സമയത്താണ് ഷാഹിദ് അഫ്രീദി ഇന്ത്യൻ ടീമിനുള്ള മുന്നറിയിപ്പ് നൽകിയത്. സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം തന്റെ ടീം അംഗങ്ങൾക്കൊപ്പം ആയിരുന്നു അഫ്രീദി തിരികെ പോയത്. ആ സമയത്ത് മൈതാനത്തിന് പുറത്തുനിന്ന ചില മാധ്യമ പ്രവർത്തകർ ഷാഹിൻ അഫ്രിദിയോട് ഒരു സെൽഫിക്കായി അഭ്യർത്ഥിക്കുകയുണ്ടായി.
അപ്പോൾ ഷാഹിൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘തീർച്ചയായും ഞാൻ നിങ്ങളോടൊപ്പം സെൽഫി എടുക്കാം. പക്ഷേ ഇന്ത്യയ്ക്കെതിരെ 5 വിക്കറ്റുകൾ എടുത്ത ശേഷമായിരിക്കും ഇനി അത്’. ഷാഹിന്റെ ഈ മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
2023 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ വിറപ്പിക്കാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഷാഹിൻ അഫ്രീദി ഇതിലൂടെ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ സമയങ്ങളിൽ ഏറ്റവുമധികം വെല്ലുവിളയുയർത്തിയ പാക്കിസ്ഥാൻ ബോളറാണ് അഫ്രീദി. ന്യൂ ബോളിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസറും അഫ്രീദി തന്നെയാണ്.
മാത്രമല്ല ഇടംകയ്യൻ പേസ് ബോളർമാരെ നേരിടുന്നതിൽ ഇന്ത്യൻ ടീമിന് കൃത്യമായി ദൗർബല്യമുണ്ട്. 2021 ട്വന്റി20 ലോകകപ്പിലടക്കം ഇത് കാണാൻ സാധിച്ചു. പ്രസ്തുത ലോകകപ്പിൽ ഇന്ത്യയുടെ പോരായ്മ കൃത്യമായി ഷാഹിൻ അഫ്രീദി മുതലെടുക്കുകയുണ്ടായി.
എന്നാൽ അവസാനമായി ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ നനഞ്ഞ പടക്കമായി അഫ്രീദി മാറിയിരുന്നു. ഏഷ്യാകപ്പിന്റെ സൂപ്പർ 4 ഘട്ടത്തിലായിരുന്നു ഇരു ടീമുകളും തമ്മിൽ കലാശ പോരാട്ടത്തിൽ ഏർപ്പെട്ടത്. മത്സരത്തിൽ 10 ഓവറുകൾ പന്തറിഞ്ഞ അഫ്രീദി 79 റൺസാണ് വഴങ്ങിയത്. മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമായിരുന്നു അഫ്രീദിക്ക് വീഴ്ത്താൻ സാധിച്ചത്.
മാത്രമല്ല മത്സരത്തിൽ 228 റൺസിന്റെ റെക്കോർഡ് വിജയം സ്വന്തമാക്കാൻ ഇന്ത്യക്കും സാധിച്ചിരുന്നു. അതിനാൽ വളരെ ആത്മവിശ്വാസത്തോടെ തന്നെയാവും ഇന്ത്യ നാളെ ഷാഹിൻ അഫ്രീദിക്കെതിരെ ഇറങ്ങുന്നത്.