2011ൽ ലോകകപ്പ് വിജയിക്കാൻ കാരണം ധോണിയും കോച്ചുമെടുത്ത ആ തീരുമാനം. രോഹിതും അത് പിന്തുടരണമെന്ന് സേവാഗ്.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയാണ് ഫേവറൈറ്റുകൾ. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പായതിനാൽ തന്നെ കിരീടം ചൂടാൻ വലിയ സാധ്യതയാണ് ഇന്ത്യൻ ടീമിനുള്ളത്. ഈ സാഹചര്യത്തിൽ രോഹിത് ശർമയ്ക്കും സംഘത്തിനും വലിയൊരു ഉപദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സേവാഗ്.

2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോൾ വീരേന്ദർ സേവാഗും ടീമിന്റെ നട്ടെല്ലായിരുന്നു. അന്നത്തെ ലോകകപ്പിൽ ഇന്ത്യൻ ടീം പുറത്തെടുത്ത ഒരു സമീപനമാണ് വീരേന്ദർ സേവാഗ് ചൂണ്ടിക്കാട്ടുന്നത്. കളിക്കളത്തിന് പുറത്തുള്ള ടീമിന്റെ പെരുമാറ്റം അന്ന് ടീമിന്റെ വിജയത്തിൽ നിർണായക ഘടകമായി മാറിയെന്നും അത് ഇത്തവണയും രോഹിത് ശർമയും കൂട്ടരും ആവർത്തിക്കണമെന്നുമാണ് വീരേന്ദർ സേവാഗ് പറയുന്നത്.

“2011 ലോകകപ്പിൽ ടീം മീറ്റിങ്ങുകളിൽ ഞങ്ങൾ ചില തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. ലോകകപ്പ് കഴിയുന്നതുവരെ ആരും പത്രം വായിക്കില്ലെന്നും പുറത്തുനിന്നുള്ള യാതൊരു തരം പ്രതികരണങ്ങളും ശ്രദ്ധിക്കില്ലെന്നും ഞങ്ങൾ ഉറപ്പുവരുത്തി. കാരണം അത്തരം കാര്യങ്ങൾ കളിക്കാർക്കുമേൽ സമ്മർദ്ദമുണ്ടാക്കും എന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ഈ സാഹചര്യത്തിൽ, അതിൽ നിന്നെല്ലാം പൂർണ്ണമായും ഞങ്ങൾ വിട്ടുനിൽക്കുകയാണ് ഉണ്ടായത്.

ആ തീരുമാനം ഒരു നിയമം പോലെയായി മാറി. എല്ലാവരും ആത്മാർത്ഥമായി ആ തീരുമാനത്തെ പിന്തുടരുകയും ചെയ്തു. ഞങ്ങൾ ടീമംഗങ്ങളെല്ലാം അന്ന് ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പരസ്പരം കാര്യങ്ങൾ സംസാരിക്കാനും സൗഹൃദം പങ്കിടാനുമൊക്കെ ഞങ്ങൾക്ക് സാധിച്ചിരുന്നു. അത് ടീമിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കി മാറ്റി.”- വീരേന്ദർ സേവാഗ് പറയുന്നു.

“ലോകകപ്പ് വളരെ ദൈർഘ്യമേറിയ ടൂർണമെന്റായതിനാൽ താരങ്ങൾ തമ്മിലുള്ള ബന്ധം അകന്നു പോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലായിപ്പോഴും ഒറ്റക്കെട്ടായി ഒരു കുടുംബമായി നിന്നാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. അന്ന് മഹേന്ദ്ര സിംഗ് ധോണിയും ഗ്യാരി ക്രിസ്റ്റനും ഇക്കാര്യത്തിൽ ഉറപ്പുവരുത്തിയിരുന്നു.

ഓരോ മത്സരങ്ങൾക്ക് ശേഷവും ഞങ്ങൾ ഒരുമിച്ചു കൂടുകയും ഗെറ്റ് ടുഗദർ നടത്തുകയും ചെയ്തിരുന്നു. ഈ ഒത്തുചേരലുകളിലും ഞങ്ങളുടെ സംസാരവിഷയം ക്രിക്കറ്റ് തന്നെയായിരുന്നു. ഡിന്നർ കഴിക്കുമ്പോഴും ക്രിക്കറ്റിലെ തന്ത്രങ്ങളാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ഇവയൊക്കെയും ലോകകപ്പ് വിജയത്തിൽ പ്രധാന കാരണങ്ങളായി മാറി.”- വീരേന്ദർ സേവാഗ് കൂട്ടിച്ചേർത്തു.

“ആ സമയത്ത് ഞങ്ങൾക്കും വലിയ രീതിയിൽ സമ്മർദ്ദം ഉണ്ടായിരുന്നു. വിമാനയാത്ര നടത്തുന്ന സമയത്തും ഹോട്ടലുകളിൽ എത്തുന്ന സമയത്തുമൊക്കെ എല്ലാവരും പറഞ്ഞിരുന്നത് ലോകകപ്പ് വിജയിക്കണമെന്നായിരുന്നു. എന്നാൽ അന്ന് ഞങ്ങളുടെ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ഒരു കാര്യം മാത്രമാണ് അഭ്യർത്ഥിച്ചിരുന്നത്. എല്ലാവരും പ്രക്രിയയിലാണ് ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു ധോണിയുടെ മന്ത്രം. ഞങ്ങൾ അത് വളരെ നന്നായി നിർവഹിച്ചു. അതുകൊണ്ടുതന്നെയാണ് അന്ന് വിജയം കൈവരിക്കാൻ സാധിച്ചതും.”- സേവാഗ് പറഞ്ഞുവെക്കുന്നു.

Previous articleഒഴിവാക്കിയിട്ടും ലോകകപ്പിൽ സഞ്ജു തരംഗം. ശതാബ് ഖാനൊപ്പം വേദി പങ്കിട്ട് താരം.
Next articleസൂര്യകുമാർ ലോകകപ്പ് ടീമിലുണ്ടാവില്ല. അവന്റെ റോൾ എല്ലാവർക്കും ചെയ്യാൻ പറ്റുമെന്ന് സേവാഗ്.