സൂര്യകുമാർ ലോകകപ്പ് ടീമിലുണ്ടാവില്ല. അവന്റെ റോൾ എല്ലാവർക്കും ചെയ്യാൻ പറ്റുമെന്ന് സേവാഗ്.

ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ഇന്ത്യയുടെ മധ്യനിരയെ സംബന്ധിച്ച് ഒരുപാട് ദുരൂഹതകളാണ് നിലനിൽക്കുന്നത്. കുറച്ചധികം താരങ്ങൾ ഇന്ത്യയുടെ മധ്യനിരയിൽ കളിക്കാനായി തയ്യാറായി നിൽക്കുകയാണ്. എന്നാൽ ഇവരിൽ ആരെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ വലിയ സംശയങ്ങൾ നിലനിൽക്കുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ തുടങ്ങിയവർ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയുണ്ടായി.

എന്നാൽ ഹർദിക് പാണ്ഡ്യ തിരികെയെത്തുമ്പോൾ ഇവരിൽ ഒരാളെ ഇന്ത്യ പുറത്താക്കേണ്ടി വരും. ഇക്കാര്യത്തെ കുറിച്ചാണ് മുൻ ഇന്ത്യൻ താരമായ വീരേന്ദർ സേവാഗ് ഇപ്പോൾ സംസാരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി സ്വന്തമാക്കിയതോടെ ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലെ നാലാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എന്ന് സേവാഗ് വിശ്വസിക്കുന്നു.

മാത്രമല്ല ലോകകപ്പിൽ ഇന്ത്യക്കായി അഞ്ചാം നമ്പറിൽ കെഎൽ രാഹുലും, ആറാം നമ്പരിൽ ഹാർദിക് പാണ്ഡ്യയും ക്രീസിലെത്തുമെന്നും സേവാഗ് പറയുകയുണ്ടായി. അതിനാൽ തന്നെ സൂര്യകുമാർ യാദവിന് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ല എന്നാണ് സേവാഗിന്റെ കണക്ക്കൂട്ടൽ. “ആറാം നമ്പരിൽ രാഹുലും, ഏഴാം നമ്പരിൽ ഹർദിക് പാണ്ഡ്യയുമാവും ഇന്ത്യക്കായി കളിക്കുക. അതിനാൽ തന്നെ ഈ പൊസിഷനുകളിൽ സൂര്യകുമാർ കളിക്കില്ല എന്ന് ഉറപ്പാണ്.

എന്നിരുന്നാലും അഞ്ചാം നമ്പറിൽ കളിക്കാൻ ഒരു സ്ലോട്ടുണ്ട്. എന്നാൽ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ആറാം ബോളറെങ്കിൽ, രാഹുൽ അഞ്ചാം നമ്പരിലാവും ബാറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ ഹർദിക് പാണ്ഡ്യ ആറാം നമ്പറിൽ ബാറ്റ് ചെയ്യും. ശേഷമാവും ബോളർമാർ ക്രീസിലെത്തുക.”- സേവാഗ് പറയുന്നു.

“ഇഷാൻ കിഷൻ ടീമിൽ എവിടെയെങ്കിലും സ്ഥാനം ഉറപ്പിക്കുമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ശ്രേയസ് അയ്യര്‍ സെഞ്ചുറി സ്വന്തമാക്കിയതോടെ അയ്യർ നാലാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നാലാമതായി അയ്യരും അഞ്ചാമതായി രാഹുലും ആറാമതായി ഹർദിക് പാണ്ഡ്യയുമാവും ഇന്ത്യക്കായി ഇറങ്ങുക. ഹർദിക് പാണ്ഡ്യയെ ഇന്ത്യ പൂർണ്ണമായും ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.

കാരണം ഇന്ത്യയ്ക്ക് അയാൾ ഒരു എക്സ്ട്രാ ബോളർ കൂടിയാണ്. 10 ഓവറുകൾ ഇന്ത്യക്കായി ചെയ്യാൻ ഹർദിക്കിന് സാധിക്കും. അതുകൊണ്ടുതന്നെ സൂര്യകുമാർ യാദവ് ടീമിൽ അണിനിരക്കാൻ സാധ്യതയില്ല. അഥവാ ഒരു സ്ലോട്ട് ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ തന്നെ ഇഷാൻ കിഷനാവും സാധ്യത കൂടുതൽ. കാരണം ഇഷാൻ ഒരു ഇടംകയ്യൻ ബാറ്ററാണ്. ഏഷ്യാകപ്പിൽ സംഭവിച്ചതുപോലെ ഇന്ത്യ ഇഷാനെ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.

“ഇതുവരെ സൂര്യകുമാറിന് ഏകദിന ക്രിക്കറ്റിനായി വലിയ സംഭാവനകൾ നടത്താൻ സാധിച്ചിട്ടില്ല. പലപ്പോഴും അയാൾ മത്സരങ്ങളിലെ അവസാന 15-20 ഓവറുകളിലാണ് ബാറ്റ് ചെയ്യാറുള്ളത്. അവിടെ ഒരു ട്വന്റി20 ക്രിക്കറ്റ് കളിക്കുന്ന മനോഭാവത്തോടെയാണ് സൂര്യ കളിക്കുന്നത്. എന്നാൽ ഹർദിക് പാണ്ഡ്യ, ഇഷാൻ, കെഎൽ രാഹുൽ എന്നിവർക്കും സൂര്യയെപ്പോലെ ഈ രീതിയിൽ കളിക്കാൻ സാധിക്കും. എന്തായാലും നിലവിലെ സാഹചര്യത്തിൽ നാലാം നമ്പറിൽ ശ്രേയസ് അയ്യർ കളിക്കും. സൂര്യകുമാർ എന്തായാലും കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും.”- സേവാഗ് പറഞ്ഞുവെക്കുന്നു.