2023 ഏകദിന ലോകകപ്പിൽ ഐസിസി, ഇന്ത്യയെ ചാമ്പ്യന്മാരാകാൻ സഹായിക്കും എന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ എന്ത് വില കൊടുത്തും ഐസിസി ഇന്ത്യയെ വിജയിപ്പിക്കും എന്നാണ് സേവാഗ് പറയുന്നത്. അതിലൂടെ വലിയ രീതിയിൽ സാമ്പത്തികനേട്ടം കൈവരിക്കാൻ ഐസിസിക്ക് സാധിക്കുമെന്നും സേവാഗ് പറയുന്നു. അതിനാൽ തന്നെ ഈ ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണമാണ് ഐസിസിയുടെ കരുത്ത് എന്ന് സേവാഗ് വിലയിരുത്തുന്നു. ക്രിക്ബസ് സംഘടിപ്പിച്ച ഒരു ഷോയിൽ സംസാരിക്കവെയാണ് സേവാഗിന്റെ ഈ വിവാദ പരാമർശം.
“ഇത്തവണത്തെ ലോകകപ്പിൽ ഐസിസി ഇന്ത്യൻ ടീമിനെ സഹായിക്കും. മത്സരങ്ങൾക്കുള്ള പിച്ചുകൾ തയ്യാറാക്കുന്നത് ഇന്ത്യയുടെ ഗ്രൗണ്ട്സ്മാൻമാരാണ്. ഇന്ത്യൻ ടീം ടൂർണമെന്റ് സെമിയിലൊ ഫൈനലിലോ എത്തുകയാണെങ്കിൽ ഇന്ത്യയ്ക്ക് അനുകൂലമായ പിച്ച് നിർമ്മിച്ച് അവർ നമ്മളെ സഹായിക്കും. അതുകൊണ്ടു തന്നെ ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അക്കാര്യത്തിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.
മാത്രമല്ല ടൂർണമെന്റിന്റെ അവസാന ഭാഗം വരെ ഇന്ത്യ തുടരുകയാണെങ്കിൽ മാത്രമേ വ്യൂവർഷിപ്പ് അടക്കമുള്ള കാര്യങ്ങളിൽ വർദ്ധനവ് ഉണ്ടാവു. ഇതോടൊപ്പം സ്പോൺസർഷിപ്പിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനും ഇന്ത്യയുടെ ലോകകപ്പിലെ മുൻപോട്ടു പോക്ക് ഐസിസിയെ സഹായിക്കും.”- സേവാഗ് പറയുന്നു.
ഇത്തവണത്തെ ടൂർണമെന്റിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്നത് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയായിരിക്കും എന്നാണ് സേവാഗിന്റെ അഭിപ്രായം. “റൺസിനായി ദാഹിക്കുന്ന ഒരു താരമാണ് വിരാട് കോഹ്ലി. മറ്റൊരു ഇന്ത്യൻ ബാറ്ററിലും അത്തരമൊരു ദാഹം ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ രോഹിത് ശർമ 5 സെഞ്ച്വറികൾ നേടിയതിനെപ്പറ്റി വിരാട് കോഹ്ലി ചിന്തിക്കുന്നുണ്ടാവും.
ഇത്തവണത്തെ ലോകകപ്പിൽ തനിക്കുള്ള ഊഴമാണ് എന്നാവും വിരാട് കരുതുന്നത്. കോഹ്ലി എല്ലായിപ്പോഴും വലിയ മത്സരങ്ങളുടെ താരമാണ്. അടുത്ത തവണ ലോകകപ്പിൽ കോഹ്ലിക്ക് കളിക്കാൻ സാധിച്ചില്ലെങ്കിലും, ഇത്തവണത്തെത് ആരാധകർക്കായി അവിസ്മരണീയമാക്കി മാറ്റാൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ടാവും.”- സേവാഗ് കൂട്ടിച്ചെർത്തു.
ഇതോടൊപ്പം ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ ആദ്യ മത്സരത്തിലെ പ്രകടനത്തെയും സേവാഗ് വാഴ്ത്തുകയുണ്ടായി. “കുൽദീപ് ഇപ്പോൾ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ ടൂർണമെന്റിൽ ഒരുപാട് ബാറ്റർമാർ കുൽദീപിനെതിരെ നന്നായി ബുദ്ധിമുട്ടും. ഇത്തവണത്തെ ടൂർണമെന്റിൽ കുൽദീപിന് ഒരുപാട് വിക്കറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ എല്ലായിപ്പോഴുമുള്ളത് സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചുകളാണ്. മറ്റു ടീമിലെ സ്പിന്നർമാർക്കൊന്നും കുൽദീപിനെ പോലെ ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.”- സേവാഗ് പറഞ്ഞുവയ്ക്കുന്നു.