കാണികളുടെ അനുകമ്പ കിട്ടാൻ റിസ്വാന്റെ പരിക്ക് അഭിനയം. നല്ല നടനെന്ന് ആരാധകർ.

rizwan

2023 ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഒരു അത്യുഗ്രൻ റൺചേസ് തന്നെയായിരുന്നു പാക്കിസ്ഥാൻ നടത്തിയത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 344 എന്ന സ്കോറിൽ എത്തുകയുണ്ടായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ഈ വലിയ വിജയലക്ഷ്യം മറികടക്കുമെന്ന് യാതൊരു വിശ്വാസവും ആരാധകർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അബ്ദുള്ള ഷെഫീക്കിന്റെയും മുഹമ്മദ് റിസ്വാന്റെയും തകർപ്പൻ സെഞ്ചുറികൾ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇതിൽ എടുത്തു പറയേണ്ടത് മുഹമ്മദ് റിസ്വാന്റെ പ്രകടനമായിരുന്നു.

റിസ്വാന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മത്സരത്തിൽ കണ്ടത്. 121 പന്തുകളിൽ നിന്ന് 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 131 റൺസാണ് റിസ്വാൻ നേടിയത്. മത്സരത്തിൽ ആറ് വിക്കറ്റുകളുടെ വിജയമാണ് പാകിസ്ഥാൻ നേടിയത്. എന്നാൽ റിസ്വാന്റെ ഇന്നിംഗ്സിനെ സംബന്ധിച്ച് ഒരുപാട് വ്യത്യസ്ത പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നുകൊണ്ടിരിക്കുന്നു.

ഒരു കൂട്ടം ആളുകൾ റിസ്വാന്റെ ഇന്നിങ്സിനെ അഭിനന്ദിക്കുമ്പോൾ മറ്റൊരുകൂട്ടം വിമർശനവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ഇന്നിംഗ്സിനിയടെ തന്റെ കാൽപേശിയ്ക്കേറ്റ പരിക്ക് മൂലം റിസ്വാൻ മൈതാനത്ത് വീണിരുന്നു. ശേഷം ലങ്കൻ താരങ്ങളടക്കം അടുത്തു വരികയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷവും റിസ്വാൻ ബാറ്റിംഗ് തുടർന്നു.

പാക്കിസ്ഥാന്റെ വിജയം ഉറപ്പിക്കുക എന്നതായിരുന്നു റിസ്വാന്റെ ലക്ഷ്യം. പരിക്കേറ്റതിനു ശേഷവും സിംഗിളുകളും ഡബിളുകളും അതിവേഗത്തിലോടുന്ന റിസ്വാനെയാണ് ഇന്നിംഗ്സിലുടനീളം കണ്ടത്. പരിക്കേറ്റ് വീണ റിസ്വാൻ എങ്ങനെയാണ് ഇത്തരത്തിൽ അനായാസം സിംഗിളുകളും ഡബിളുകളും ഓടിയെടുത്തത് എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുകയുണ്ടായി.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

റിസ്വാൻ മത്സരത്തിൽ പരിക്കേറ്റതായി അഭിനയിക്കുകയായിരുന്നു എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. യഥാർത്ഥത്തിൽ റിസ്വാന് പരിക്കേറ്റിരുന്നെങ്കിൽ ഒരുതരത്തിലും ഇത്രസമയം ക്രീസിൽ തുടരാനോ, വിക്കറ്റുകൾക്കിടയിലൂടെ ഇത്തരത്തിൽ ഓടി റൺസ് നേടാനോ സാധിക്കുമായിരുന്നില്ല എന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല മത്സര ശേഷം കമന്റെറ്റർ റിസ്വാനോട് പരിക്കിനെ പറ്റി ചോദിക്കുകയുണ്ടായി. ഈ സമയത്ത് റിസ്വാൻ പറഞ്ഞ മറുപടി വളരെ രസകരമായിരുന്നു. മത്സരത്തിൽ ചില സമയങ്ങളിൽ തനിക്ക് പേശിവലിവ് അനുഭവപ്പെട്ടിരുന്നുവെന്നും, അല്ലാത്ത ചില സമയങ്ങളിൽ താൻ അഭിനയിക്കുകയായിരുന്നു എന്നുമാണ് ചിരിയോടെ റിസ്വാൻ മറുപടി നൽകിയത്.

റിസ്വാന്റെ ഈ മറുപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. റിസ്വാൻ ഒരു നല്ല നടനാണെന്നും മൈതാനത്ത് കാഴ്ചവച്ചതൊക്കെയും അയാളുടെ അഭിനയമാണെന്നും ആരാധകർ പറയുന്നു. നടന്മാരായാൽ ഇത്തരത്തിൽ മികച്ചതായി അഭിനയിക്കണം എന്നാണ് ചില ആരാധകർ പറയുന്നത്. കാണികളുടെ അനുകമ്പ നേടിയെടുക്കാൻ റിസ്വാൻ ഏതറ്റം വരെയും പോകുമെന്നും ചില ആരാധകർ പറയുന്നു. മാത്രമല്ല ഇത്രയും മികച്ച ഒരു നടനെ തങ്ങൾ കണ്ടിട്ടില്ലയെന്നും ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്നു.

Scroll to Top