ഞാൻ വിമർശിച്ചത് രാഹുലിന്റെ ടെസ്റ്റിലെ പ്രകടനത്തെ മാത്രം. ഏകദിനത്തിൽ അവൻ മികച്ചത്. വെങ്കിടേഷ് പ്രസാദിന്റെ പ്രതികരണം.

kl rahul scaled

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ബാറ്റർ കെഎൽ രാഹുലിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് രംഗത്ത് എത്തിയിരുന്നു. പലപ്പോഴും കെഎൽ രാഹുലിന്റെ ടീമിലെ സ്ഥാനത്തെ സംബന്ധിച്ചാണ് വെങ്കിടേഷ് പ്രസാദ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നത്. എന്നാൽ താൻ കെഎൽ രാഹുലിന്റെ ഏകദിന ഫോർമാറ്റിലെ പ്രകടനങ്ങളെ ഇതുവരെ വിമർശിച്ചിട്ടില്ലയെന്നും, താൻ വിമർശിച്ചിരുന്നത് ടെസ്റ്റിലെ രാഹുലിന്റെ പ്രകടനങ്ങളെയാണെന്നും വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വെങ്കിടേഷ് പ്രസാദ് ഇപ്പോൾ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ രാഹുൽ 97 റൺസ് സ്വന്തമാക്കിയതിനുശേഷം തനിക്ക് ഒരുപാട് മെസ്സേജുകൾ വന്നിരുന്നു എന്ന് വെങ്കിടേഷ് പ്രസാദ് പറയുന്നു. തന്റെ മുൻപത്തെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് എല്ലാവരും മെസ്സേജുകൾ അയച്ചതെന്നും പ്രസാദ് പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ പ്രസ്താവനയിൽ വ്യക്തത വരുത്താൻ പ്രസാദ് തീരുമാനിച്ചത്.

മത്സരത്തിലെ വിരാട് കോഹ്ലിയുടെയും രാഹുലിന്റെയും പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് പ്രസാദ് സംസാരിച്ചത്. “കെഎൽ രാഹുലിനെതിരെ ഞാൻ ഉന്നയിച്ച വിമർശനങ്ങൾ ഒന്ന് പരിശോധിക്കു. അത് അദ്ദേഹത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനങ്ങളെ പറ്റിയാണ്. അല്ലാതെ ഏകദിനങ്ങളിലെ പ്രകടനങ്ങളെ ഞാൻ വിമർശിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഞാൻ നിങ്ങളുമായി കൃത്യത വരുത്തുകയാണ്.

മത്സരത്തിലേക്ക് ശ്രദ്ധിച്ചാൽ ആ കൂട്ടുകെട്ട് വളരെ നിർണായകമായിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് ശേഷം ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. ഇന്ത്യ വളരെ ക്ഷമയോടെ ബാറ്റ് ചെയ്യണമെന്ന്. ഒപ്പം മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കണമെന്നും ഞാൻ പറയുകയുണ്ടായി. അതുതന്നെയാണ് വിരാട് കോഹ്ലിയും രാഹുലും മത്സരത്തിൽ നടത്തിയത്.”- വെങ്കിടേഷ് പ്രസാദ് പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇതോടൊപ്പം മത്സരത്തിൽ പാറ്റ് കമ്മിസിന്റെ ചില അബദ്ധ തീരുമാനങ്ങൾ ഓസ്ട്രേലിയയുടെ പരാജയത്തിന് കാരണമായി എന്നും പ്രസാദ് പറയുകയുണ്ടായി. പവർപ്ലേ ഓവറുകളിലെ മികച്ച പ്രകടനത്തിന് ശേഷം പേസർമാരായ മിച്ചൽ സ്റ്റാർക്കിനെയും ഹേസല്‍വുഡിനെയും വീണ്ടും ബോൾ ചെയ്യിക്കാതിരുന്നത് പാറ്റ് കമ്മിൻസിന്റെ ഭാഗത്ത് നിന്ന് വന്ന ഒരു പിഴവാണ് എന്ന് പ്രസാദ് ചൂണ്ടിക്കാട്ടി.

“മത്സരത്തിൽ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്കിനെയും ജോഷ് ഹേസല്‍വുഡിനെയും തുടർച്ചയായി ഉപയോഗിക്കേണ്ടിയിരുന്നു. പവർപ്ലെയിൽ അഞ്ചോവറുകൾ ഇരുവരെയും എറിയിക്കുന്നതിൽ ഉപരിയായി അവർക്ക് തുടരാനുള്ള അവസരം നൽകണമായിരുന്നു.”- പ്രസാദ് കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച തുടക്കം തന്നെയായിരുന്നു ഓസ്ട്രേലിയയുടെ പേസർമാർ ടീമിന് നൽകിയത്. 2 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു. പിന്നീടാണ് രാഹുലും വിരാട് കോഹ്ലിയും ക്രീസിലെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബോളർമാർക്കെതിരെ വളരെ സൂക്ഷ്മതയോടെയാണ് ഇരുവരും ആരംഭിച്ചത്. ശേഷം ബോൾ പഴയതായതോടെ ഇരുവരും തങ്ങളുടെ ഷോട്ടുകൾ കളിക്കാൻ തുടങ്ങി. മത്സരത്തിൽ 6 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ നേടിയത്.

Scroll to Top