2007ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ അവിചാരിതമായ പുറത്താകൽ തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. വലിയ പ്രതീക്ഷയോടെ 50 ഓവർ ലോകകപ്പിനായി ഇറങ്ങിയ ദ്രാവിഡും സംഘവും ലീഗിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയുണ്ടായി. ഇതിനുശേഷം ഇന്ത്യൻ ടീം നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് ഇപ്പോൾ. അന്ന് ലീഗ് റൗണ്ടിൽ പുറത്തായതിനു ശേഷം രണ്ടു ദിവസത്തേക്ക് താൻ ഹോട്ടൽ വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ടില്ല എന്നാണ് സേവാഗ് പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്താകുമെന്ന് ആരും വിചാരിക്കാതിരുന്നതിനാൽ തന്നെ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ടിക്കറ്റ് രണ്ടു ദിവസം വൈകിയിരുന്നതായും സേവാഗ് പറയുന്നു.
“2007ലെ ലോകകപ്പിലെ പരാജയം വളരെയധികം ഞങ്ങളെ അലട്ടിയിരുന്നു. കാരണം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടായിരുന്നു ഞങ്ങൾ 2007ലെ 50 ഓവർ ലോകകപ്പിന് തിരിച്ചത്. മാത്രമല്ല അതിനു മുൻപ് നടന്ന 2003 ലോകകപ്പിൽ ഞങ്ങൾ ഫൈനലിലെത്തുകയും ചെയ്തിരുന്നു.”- സേവാഗ് പറയുന്നു.
“ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഞങ്ങൾ പരാജയപ്പെട്ടത് ഒരുപാട് സങ്കടമുണ്ടാക്കി. ആരാധകരടക്കം എല്ലാവരും കരുതിയത് ഇന്ത്യ അടുത്ത റൗണ്ടിൽ എത്തുമെന്ന് തന്നെയായിരുന്നു. ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ രണ്ട് ദിവസത്തെ ഇടവേളയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിനാൽ ഞങ്ങളുടെ ടിക്കറ്റ് അതിവേഗം തന്നെ ലഭിച്ചില്ല. അതുകൊണ്ടുതന്നെ ട്രിനിഡഡ് ആൻഡ് ടൊബാഗോയിൽ രണ്ടുദിവസം കൂടി ഞങ്ങൾ കാത്തിരിക്കേണ്ടതായും വന്നിരുന്നു.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“അന്ന് എന്റെ മുറിയിൽ റൂം സർവീസിനു പോലും ആളുകൾ ഉണ്ടായിരുന്നില്ല. ഞാൻ ആരെയും തന്നെ എന്റെ സഹായത്തിനും വിളിച്ചിരുന്നില്ല. ഞാൻ എന്റെ മുറിയിൽ തന്നെ അടച്ചിരിക്കുകയാണ് ഉണ്ടായത്. അമേരിക്കയിൽ ഉണ്ടായിരുന്ന സുഹൃത്ത് എനിക്ക് ‘പ്രിസൻ ബ്രേക്ക്’ അയച്ചുതന്നു. രണ്ടുദിവസം മുഴുവൻ ഞാനത് കാണുകയാണുണ്ടായത്. ആരുടെയും മുഖത്തുനോക്കാനോ ഒന്നുംതന്നെ എനിക്ക് സാധിച്ചിരുന്നില്ല.”- സേവാഗ് കൂട്ടിച്ചേർത്തു. 2007 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ടായിരുന്നു ഇന്ത്യ പുറത്തായത്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ നാണക്കേടിന്റെ ഒരേട് തന്നെയായിരുന്നു ടൂർണമെന്റിൽ കണ്ടത്.