വോണിനെയും ലീയെയുമല്ല, ആ ബോളറെയാണ് ഞാൻ പേടിച്ചത്. സേവാഗ് തുറന്നുപറയുന്നു.

SEHWAG

ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ് വീരേന്ദർ സേവാഗ്. ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിൽ എതിർ ടീമിലെ ബോളർമാരെ തകര്‍ത്ത പാരമ്പര്യമാണ് സേവാഗിനുള്ളത്. തങ്ങളുടെ പ്രതാപകാലത്ത് ഓസ്ട്രേലിയൻ ബോളർമാർക്ക് പോലും സേവാഗിനെ പിടിച്ചു കെട്ടാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ക്രീസിൽ തുടരുക എന്നതിനപ്പുറം ഏത് ബോളറേയും തലങ്ങും വിലങ്ങും പ്രഹരിക്കാനാണ് സേവാഗ് തന്റെ കരിയറിലൂടനീളം ശ്രമിച്ചിട്ടുള്ളത്. എന്നാൽ വീരേന്ദർ സേവാഗ് ഭയപ്പെടുന്ന ഒരു ബോളർ ക്രിക്കറ്റിലുണ്ടായിരുന്നു. സേവാഗ് തന്നെയാണ് ഇക്കാര്യം തന്റെ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ശ്രീലങ്കയുടെ മുൻ സ്പിന്നർ മുത്തയ്യാ മുരളിധരനെയാണ് താൻ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് എന്ന് വീരേന്ദർ സേവാഗ് പറയുന്നു. “ഞാൻ എന്റെ ക്രിക്കറ്റ് കരിയറിൽ ഭയപ്പെട്ടിരുന്ന ഒരേ ഒരു ബോളർ മുത്തയ്യ മുരളീധരൻ ആയിരുന്നു. എല്ലാവരും കരുതിയിരുന്നത് ഷെയിൻ വോൺ, ബ്രെറ്റ് ലി, മഗ്രാത്ത്, അക്തർ എന്നിവരിൽ ആരെയെങ്കിലുമാവും ഞാൻ ഭയപ്പെടുക എന്നതാണ്. എന്നാൽ ഈ ബോളർമാർക്കെതിരെ പുറത്താകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നില്ല. ഇവരുടെ ബോളുകൾ ശരീരത്തിലോ ഹെൽമെറ്റിലോ മറ്റോ കൊണ്ട് എനിക്ക് പരിക്കേൽക്കുമോ എന്ന ഭയമുണ്ടായിരുന്നു. മാത്രമല്ല മഗ്രാത്തിനെതിരെ റൺസ് നേടാൻ സാധിക്കാതെ വന്നത് ഞങ്ങളെ വലിയ രീതിയിൽ അലട്ടുകയും ചെയ്തിരുന്നു.”- സേവാഗ് പറയുന്നു.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.
sehwag

“പക്ഷേ മുരളീധരന്റെ കഥ അങ്ങനെയായിരുന്നില്ല. മുരളിയെ ഞാൻ നന്നായി ഭയന്നു. പുറത്താകുമെന്ന പേടി കാരണം ഞാൻ അദ്ദേഹത്തിനെതിരെ വലിയ രീതിയിൽ റൺസ് സ്കോർ ചെയ്യാൻ ശ്രമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ദൂസര ബോൾ കണ്ടെത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. ഒരു ഓഫ് സ്പിന്നറായ മുരളി എന്നെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചത് പലപ്പോഴും എന്റെ ഈഗോയെ ബാധിച്ചിരുന്നു. അങ്ങനെ ഒരുപാട് വർഷങ്ങൾക്കു ശേഷമായിരുന്നു മുരളീധരനെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ ഞാൻ വ്യക്തത ഉണ്ടാക്കിയെടുത്തത്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു അദ്ധ്യായം തന്നെയായിരുന്നു വീരേന്ദർ സേവാഗിന്റെ ബാറ്റിംഗ് ശൈലി. മറ്റു ബാറ്റർമാർ ഭയപ്പെട്ടിരുന്ന പല ബോളർമാരെയും സേവാഗ് അക്കാലത്ത് അടിച്ചകറ്റുമായിരുന്നു. പക്ഷേ മുത്തയ്യ മുരളീധരൻ എന്ന ബോളറെ വീരേന്ദർ സേവാഗ് എന്നും ബഹുമാനത്തോടെ മാത്രമാണ് മൈതാനത്ത് നേരിട്ടിട്ടുള്ളത്. അതിന്റെ കാരണമാണ് സേവാഗ് വ്യക്തമാക്കിയത്. ഇപ്പോൾ ക്രിക്കറ്റിൽ ഇല്ലെങ്കിലും മുരളീധരൻ എന്നത് എല്ലാ ബാറ്റർമാർക്കും ഇപ്പോഴും പേടിസ്വപ്നമാണ്.

Scroll to Top