ഈ ലോകകപ്പിൽ ആ ഇന്ത്യൻ താരം ടോപ് സ്കോററാവും. പ്രവചനവുമായി വിരേന്ദർ സേവാഗ് രംഗത്ത്.

ലോകക്രിക്കറ്റ് ഉറ്റുനോക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണ് 2023ലെ ഏകദിന ലോകകപ്പ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീം തന്നെയാണ് ഫേവറൈറ്റുകൾ. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഒരു ശക്തമായ ടീമിനെ അണിനിരത്തി കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

2023 ഏകദിന ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരം ആരാവും എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ വീരേന്ദർ സേവാഗ് ഇപ്പോൾ. ഇത്തവണത്തെ ലോകകപ്പിൽ റൺവേട്ട നടത്താൻ പോകുന്നത് ഇന്ത്യയുടെ നായകൻ രോഹിത് ശർമയാണ് എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്. രോഹിത് ശർമയുടെ മുൻ ലോകകപ്പിലെ പ്രകടനം കൂടി വിലയിരുത്തിയാണ് സേവാഗ് സംസാരിക്കുന്നത്.

ഇതിന് മുൻപ് 2019ലായിരുന്നു ഏകദിന ലോകകപ്പ് നടന്നത്. ആ ലോകകപ്പിൽ രോഹിത് ശർമ തന്നെയായിരുന്നു ടോപ് സ്കോറർ. ടൂർണമെന്റിൽ 9 മത്സരങ്ങളിൽ നിന്ന് 648 റൺസാണ് നിലവിലെ ഇന്ത്യൻ നായകൻ വാരിക്കൂട്ടിയത്. ഇത്തവണയും രോഹിത് അത്തരത്തിലുള്ള ഒരു പ്രകടനം നടത്തുമെന്നാണ് സേവാഗ് വിശ്വസിക്കുന്നത്. ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റുകളിൽ സമ്മർദ്ദമില്ലാതെ റൺസ് കണ്ടെത്താൻ സാധിക്കുന്ന താരമാണ് രോഹിത്ത് എന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഇത്തരം വലിയ സ്റ്റേജുകളിൽ ഒരു പ്രത്യേക ഊർജ്ജം രോഹിത്തിന് എപ്പോഴുമുണ്ട് എന്നും സേവാഗ് പറയുകയുണ്ടായി.

“ഈ ലോകകപ്പിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കുക ആരാവും എന്ന ചോദ്യം എന്നോട് ചോദിച്ചാൽ എന്റെ ഉത്തരം രോഹിത് ശർമ എന്ന് തന്നെയായിരിക്കും. രോഹിത് ഒരു ഓപ്പണർ ആയതിനാൽ തന്നെ അയാൾക്ക് ബാറ്റിംഗിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. രോഹിത് മാത്രമല്ല, മറ്റൊരു താരവും ഇപ്പോൾ എന്റെ മനസ്സിലുണ്ട്.

എന്നാൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രോഹിത്തിനെ ഞാൻ തിരഞ്ഞെടുക്കുകയാണ്. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾ വരുമ്പോൾ രോഹിത് ശർമയുടെ എനർജി മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ട്. ഇത്തവണ രോഹിത് ഇന്ത്യയുടെ നായകനുമാണ്. അത് രോഹിത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കിയേക്കും. രോഹിത് ഒരുപാട് റൺസ് സ്വന്തമാക്കുകയും ചെയ്യും.”- സേവാഗ് പറയുന്നു.

നിലവിൽ തരക്കേടില്ലാത്ത ഫോമിൽ തന്നെയാണ് രോഹിത് ശർമ ബാറ്റ് ചെയ്യുന്നത്. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഈ സീസണിൽ റൺസ് സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 16 മത്സരങ്ങളിൽ നിന്ന് 923 റൺസാണ് ഇന്ത്യൻ നായകൻ അടിച്ചുകൂട്ടിയത്. ഇതിന്റെ ആവർത്തനം തന്നെയാവും 2023ലെ ഏകദിന ലോകകപ്പ് എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ രോഹിത്തടക്കമുള്ള സീനിയർ ബാറ്റർമാർ തിളങ്ങിയാൽ മാത്രമേ ലോകകപ്പ് എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ.

Previous articleയുവരാജിനും ധോണിയ്ക്കും ശേഷം ഇന്ത്യൻ മധ്യനിര തകർന്നു.ഇപ്പോൾ അവൻ മാത്രം ആശ്വാസം – അശ്വിൻ.
Next articleഏഷ്യകപ്പ്‌ പരിശീലനത്തിൽ പങ്കെടുക്കാതെ സഞ്ജു. സ്വയം ഒഴിവായത് പല കാരണങ്ങൾ കൊണ്ട്.