യുവരാജിനും ധോണിയ്ക്കും ശേഷം ഇന്ത്യൻ മധ്യനിര തകർന്നു.ഇപ്പോൾ അവൻ മാത്രം ആശ്വാസം – അശ്വിൻ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വളരെക്കാലമായി അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മധ്യനിര ബാറ്റിംഗ്. ഒരു സമയത്ത് മഹേന്ദ്ര സിംഗ് ധോണിയും യുവരാജ് സിംഗും ഇന്ത്യയുടെ മധ്യനിരയിൽ നിറഞ്ഞാടിയിരുന്നു. എന്നാൽ ഇരുവരും വിരമിച്ചതിനുശേഷം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെ മധ്യനിരയിൽ ലഭിച്ചു. പല താരങ്ങളെയും ഇന്ത്യ മധ്യനിരയിൽ പരീക്ഷിച്ചെങ്കിലും ധോണിയുടെയും യുവരാജിന്റെയും നിഴലായി മാറാൻ പോലും ആർക്കും സാധിച്ചില്ല. ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ മധ്യനിരയിൽ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പോകാൻ സാധിക്കുന്ന ബാറ്റർ നിലവിൽ കെഎൽ രാഹുലാണ് എന്നാണ് അശ്വിന്റെ അഭിപ്രായം.

“യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും വിരമിച്ചതിനു ശേഷം ഇന്ത്യ വലിയ പ്രശ്നത്തിലേക്കാണ് പോയത്. ഇരുവർക്കും പകരക്കാരനെ കണ്ടെത്തേണ്ടത് ഇന്ത്യയ്ക്ക് ഒരു ആവശ്യം തന്നെയായിരുന്നു. നിലവിൽ രാഹുലാണ് ഇവരുടെ പൊസിഷനിൽ മികവ് പുലർത്തുന്നത്. അഞ്ചാം നമ്പറിൽ ഇന്ത്യയെ സംബന്ധിച്ച് ഒരു മികച്ച കളിക്കാരൻ തന്നെയാണ് രാഹുൽ. മാത്രമല്ല അയാളൊരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ്.”- അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുകയുണ്ടായി.

“റിഷഭ് പന്തിന് പരിക്ക് പറ്റുന്നതിനു മുൻപ് രാഹുൽ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തുള്ളത് ഇഷാൻ കിഷനാണ്. കിഷൻ തനിക്ക് ലഭിച്ച അവസരം രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ രാഹുൽ ചെറിയ പരിക്കിന്റെ പിടിയിലാണ്. എന്നാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിനു മുൻപ് രാഹുലിന് എല്ലാം ഭേദമാകും എന്നാണ് കരുതുന്നത്. ഒരു പക്ഷേ രാഹുൽ ടീമിൽ ഇല്ലെങ്കിൽ തന്നെ ഇന്ത്യയുടെ 18 അംഗ സ്ക്വാഡിൽ സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.”- അശ്വിൻ കൂട്ടിച്ചേർത്തു.

“കെ എൽ രാഹുലിനെ പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരു ബാറ്ററാണ് ശ്രേയസ് അയ്യർ. ഇന്ത്യൻ നിരയിൽ സ്പിന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന ബാറ്ററും അയ്യർ തന്നെയാണ്. ഇന്ത്യക്കായി നാലാം നമ്പറിൽ കൃത്യതയാർന്ന പ്രകടനമായിരുന്നു അയ്യർ കാഴ്ചവച്ചിരുന്നത്. നാലാം നമ്പറിൽ കളിച്ചപ്പോഴൊക്കെയും ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടുണ്ട്. ശ്രേയര്‍ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ നാലാം നമ്പറിൽ അയാൾക്ക് പകരം മറ്റൊരു ഓപ്ഷൻ ഇന്ത്യ കണ്ടെത്തേണ്ടതില്ല.”- അശ്വിൻ പറഞ്ഞുവയ്ക്കുന്നു.