ഏഷ്യകപ്പ്‌ പരിശീലനത്തിൽ പങ്കെടുക്കാതെ സഞ്ജു. സ്വയം ഒഴിവായത് പല കാരണങ്ങൾ കൊണ്ട്.

2023 ഏഷ്യാകപ്പ് നാളെയാണ് ആരംഭിക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ. ഏഷ്യാകപ്പിന് മുന്നോടിയായി ബാംഗ്ലൂരിലെ ആലൂരിലാണ് ഇന്ത്യയുടെ പരിശീലന ക്യാമ്പ് പുരോഗമിക്കുന്നത്. എന്നാൽ ഈ പരിശീലന ക്യാമ്പിൽ മലയാളി താരം സഞ്ജു സാംസൺ പങ്കെടുക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രമുഖ വാർത്താ മാധ്യമമായ ഇൻസൈഡ് സ്പോർട്സാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സഞ്ജു സാംസൺ തിരുവനന്തപുരത്താണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അയർലൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം നാട്ടിൽ തിരികെ എത്തിയതാണ് സഞ്ജു.

ശേഷം രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം സഞ്ജു ഇന്ത്യൻ ക്യാമ്പിലെത്തും എന്ന റിപ്പോർട്ടുകളായിരുന്നു മുൻപ് പുറത്തുവന്നത്. എന്നാൽ അത് ഉണ്ടാവില്ല എന്നാണ് സൂചന. ഈ മാസം 24ന് ആരംഭിച്ച പരിശീലന ക്യാമ്പ് 29ന് അവസാനിക്കുകയാണ്. ശേഷം ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് തിരിക്കാൻ തയ്യാറാവുന്നു. സഞ്ജുവും ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സഞ്ജുവിനെ സ്ക്വാഡിൽ ട്രാവലിംഗ് ബാക്കപ്പായി മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിന് മത്സരങ്ങളിൽ അവസരം ലഭിക്കാൻ സാധ്യത വളരെ കുറവാണ്.

പരിശീലന ക്യാമ്പിൽ സഞ്ജു പങ്കെടുക്കില്ല എന്ന കാര്യം ഉറപ്പായത്തോടുകൂടി കെ എൽ രാഹുലിന്റെ കാര്യത്തിലെ ചില സംശയങ്ങൾ മാറിയിട്ടുണ്ട്. രാഹുൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തു എന്ന അനുമാനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ആലൂരിൽ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രാഹുലിന് സാധിച്ചിരുന്നു. മത്സരത്തിൽ രാഹുൽ അർദ്ധസെഞ്ച്വറി നേടുകയും ചെയ്തു. മാത്രമല്ല രാഹുൽ കീപ്പിംഗ് പരിശീലനവും ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാഹുൽ മാത്രമല്ല,വളരെ കാലമായി പരിക്കിലായിരുന്ന ഇന്ത്യയുടെ നാലാം നമ്പർ ബാറ്റർ ശ്രേയസ് അയ്യരും ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്. നാലാം നമ്പറിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ബാറ്ററാണ് ശ്രേയസ് അയ്യർ. അതിനാൽ അയ്യരുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് മറ്റൊരു ഊർജ്ജം പകരും എന്ന കാര്യത്തിൽ സംശയമില്ല. സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പിലെ ആദ്യ മത്സരം നടക്കുന്നത്.