മുള്‍ട്ടാനിൽ ഇംഗ്ലണ്ടിനെതിരെ 152 റൺസിൻ്റെ ജയത്തോടെ സ്വന്തം തട്ടകത്തിലെ തുടര്‍ പരാജയങ്ങള്‍ അവസാനിപ്പിക്കാൻ പാകിസ്ഥാന് കഴിഞ്ഞു. ബാബർ അസം, ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്.
വിദേശത്ത് നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനങ്ങളിൽ മുന്നില്‍ കണ്ടാണ് ഇവര്‍ക്ക് വിശ്രമം നല്‍കിയതെന്ന് പാക്കിസ്ഥാന്‍ മാനേജ്മെന്‍റ് പറഞ്ഞിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വളരെ മോശം ഫോമിലാണ് ബാബര്‍ അസം. ഇപ്പോഴിതാ ഫോം വീണ്ടെടുക്കാൻ ബാബർ ഇനി പാകിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.
“ബാബർ അസം ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അവൻ തൻ്റെ ഫിറ്റ്‌നസിൽ ശ്രദ്ധിക്കണം, കുടുംബത്തോടൊപ്പം കുറച്ച് സമയം ചിലവഴിക്കണം, തുടർന്ന് ശാരീരികവും മാനസികമായി ശക്തനുമായ ഒരു കളിക്കാരനായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരണം,” മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറിൻ്റെ യുട്യൂബ് ചാനലിൽ സേവാഗ് പറഞ്ഞു.
2023 ലോകകപ്പിനു ശേഷം പാക്കിസ്ഥാന്‍ നായകസ്ഥാനത്ത് നിന്നും ബാബറിനെ പുറത്താക്കിയിരുന്നു. “സാങ്കേതികതയെക്കാൾ മാനസികമായി ബാബറിനെ കൂടുതൽ ബാധിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അവൻ മാനസികമായി ശക്തനായി വരേണ്ടതുണ്ട്. അവൻ കഴിവുള്ള കളിക്കാരനാണ്, മാത്രമല്ല അവനെപ്പോലുള്ള കളിക്കാർ വേഗത്തിൽ തിരിച്ചുവരും,” സേവാഗ് കൂട്ടിച്ചേർത്തു.