2007 തുടക്കത്തിൽ മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് വിരേന്ദർ സെവാഗ്. ഇപ്പോഴിതാ തൻ്റെ ടെസ്റ്റ് കരിയർ വീണ്ടെടുക്കാൻ സാധിച്ചത് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ കാരണം ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 2007 വർഷാവസാനം ഓസ്ട്രേലിയൻ പര്യടനത്തിൽ കുംബ്ലെ നായകനായപ്പോഴാണ് സെവാഗ് ഇന്ത്യൻ ടീമിൽ വീണ്ടും തിരിച്ചെത്തിയത്.
അർദ്ധസെഞ്ച്വറി നേടി കഴിഞ്ഞാൽ ടീമിൽ തിരിച്ചെത്താം എന്നും പിന്നീട് താൻ ക്യാപ്റ്റനായിരിക്കുന്നിടത്തോളം കാലം ടീമിന് പുറത്തു പോവില്ല എന്ന് ഉറപ്പു കുംബ്ലെ ഉറപ്പ് നൽകിയെന്നും സേവാഗ് വെളിപ്പെടുത്തി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 29 റൺസും രണ്ടാമിന്നിംഗ്സിൽ 43 റൺസും നേടിയ സെവാഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ആ പിൻബലത്തിൽ രണ്ടാം ടെസ്റ്റിൽ ഇറങ്ങിയ താരം ആദ്യ ഇന്നിംഗ്സിൽ 63 റൺസും,രണ്ടാം ഇന്നിങ്സിൽ 151 റൺസും നേടി ഇന്ത്യക്ക് സമനില നേടിക്കൊടുത്തു.
“നിനക്ക് ഈ മത്സരത്തിൽ ഫിഫ്റ്റി നേടാനായാൽ അടുത്ത ടെസ്റ്റിൽ നിന്നെ ടീമിൽ ഉൾപ്പെടുത്തും, ഞാൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായതിനാൽ നീ ടീമിൽ നിന്നും പുറത്താകില്ലയെന്നും അദ്ദേഹം എന്നോട് പറഞ്ഞു, ഒരു കളിക്കാരൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ക്യാപ്റ്റൻ്റെ പിന്തുണയാണ്. എൻ്റെ കരിയറിൻ്റെ ആദ്യ വർഷങ്ങളിൽ ഗാംഗുലിയിൽ നിന്നും പിന്നീട് അനിൽ കുംബ്ലെയിൽ നിന്നും ഞാനത് പഠിച്ചു.
ആ 60 റൺസ് ഞാൻ നേടിയതിൽ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു. അനിൽ ഭായ് എന്നിൽ അർപ്പിച്ച വിശ്വാസം ശരിയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ആ പ്രകടനം ഞാൻ നടത്തിയത്. എന്തിനാണ് എന്നെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവന്നതെന്ന് അനിൽ കുംബ്ലെയെ ആളുകൾ ചോദ്യം ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചില്ല.”-സെവാഗ് പറഞ്ഞു.