നായകൻ നിക്കോളാസ് പൂരന്റെ വെടിക്കെട്ടിൽ മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ടീമായ എംഐ ന്യൂയോർക്ക്. ഫൈനലിൽ സിയാറ്റിൽ ഓർക്കാസ് ടീമിനെതിരെ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ന്യൂയോർക്ക് ടീം സ്വന്തമാക്കിയത്.
മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയായിരുന്നു നായകൻ നിക്കോളാസ് പൂറൻ നേടിയത്. ഓർക്കാസ് ഉയർത്തിയ 184 എന്ന വിജയലക്ഷ്യം പൂരന്റെ വെടിക്കെട്ടിൽ അനായാസം മുംബൈ ടീം മറികടക്കുകയായിരുന്നു. പൂരനൊപ്പം മുംബൈക്കായി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി ട്രെൻഡ് ബോൾട്ടും റാഷിദ് ഖാനും മത്സരത്തിൽ മികവ് പുലർത്തി.
ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂയോർക്ക് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓർക്കാസ് ടീമിന് മികച്ച തുടക്കമാണ് വിക്കറ്റ് കീപ്പർ ഡീക്കോക്ക് നൽകിയത്. എന്നാൽ മറ്റു ബാറ്റർമാർ ക്രീസിൽ പരാജയപ്പെടുകയുണ്ടായി. മത്സരത്തിൽ 52 പന്തുകൾ നേരിട്ട ഡികോക്ക് 87 റൺസ് നേടി. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ ഇന്നിങ്സിന് മധ്യേ ബോൾട്ടും റാഷിദ് ഖാനും ഓർക്കാസിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. അങ്ങനെ ഓർക്കാസ് ഇന്നിംഗ്സ് 183 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂയോർക്ക് ടീമിന് തുടക്കത്തിൽ തന്നെ സ്റ്റീവൻ ടൈലറുടെ(0) വിക്കറ്റ് നഷ്ടമായി. പക്ഷേ മൂന്നാമനായി ക്രീസിലെത്തിയ നിക്കോളാസ് പൂരൻ എല്ലാത്തരത്തിലും അടിച്ചു തകർക്കുന്നതാണ് കണ്ടത്. ആദ്യ ബോൾ മുതൽ ഓർക്കാസ് ബോളർമാരെ തകർത്തടിച്ച പൂരൻ മത്സരം അനായാസം ന്യൂയോർക്കിന്റെ കയ്യിൽ ഒതുക്കുകയായിരുന്നു.
മറ്റു ബാറ്റർമാരെ ഒക്കെയും കാഴ്ചക്കാരായി നിർത്തി പൂരൻ സംഹാരമാടീ. മത്സരത്തിൽ 55 പന്തുകൾ നേരിട്ട പൂരൻ 137 റൺസാണ് നേടിയത്. പൂരന്റെ ഇന്നിങ്സിൽ 10 ബൗണ്ടറികളും 13 സിക്സറുകളും ഉൾപ്പെട്ടു. ലോകത്തിലെ ട്വന്റി20 ലീഗുകൾ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുതന്നെയായിരുന്നു പൂരൻ ഫൈനലിൽ കാഴ്ചവച്ചത്.
പൂരന്റെ ഈ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റുകൾക്ക് മുംബൈ വിജയം കാണുകയായിരുന്നു. 24 പന്തുകൾ ശേഷിക്കവെയാണ് മുംബൈയുടെ ഈ തകർപ്പൻ വിജയം. ലീഗ് റൗണ്ടിൽ ശരാശരി പ്രകടനം മാത്രമായിരുന്നു ന്യൂയോർക്ക് ടീം കാഴ്ചവച്ചത്.
എന്നാൽ ടൂർണമെന്റിന്റെ അവസാന ഭാഗത്തേക്ക് എത്തിയപ്പോൾ ശക്തരായ സൂപ്പർ കിംഗ്സിനെയും ഓർക്കാസിനെയും അനായാസമായി പരാജയപ്പെടുത്താൻ ന്യൂയോർക്കിന് സാധിച്ചു. എന്തായാലും മുംബൈ ഫ്രാഞ്ചൈസിയുടെ പേര് ഉയർത്തിക്കാട്ടുന്ന ഒരു ടീമായി എംഐ ന്യൂയോർക്ക് മാറിയിട്ടുണ്ട്.