സഞ്ജുവും സൂര്യയും വിമർശനം നേരിടുമ്പോൾ രക്ഷപെടുന്നത് പാണ്ഡ്യ. മോശം പ്രകടനങ്ങളുടെ ഘോഷയാത്ര.

വിൻഡിസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പേരിൽ ഒരുപാട് യുവതാരങ്ങൾ പഴി കേൾക്കുന്നുണ്ട്. സഞ്ജു സാംസണടക്കമുള്ള താരങ്ങൾ അവസരം നന്നായി ഉപയോഗിച്ചില്ല എന്നതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ ഇടയായി. എന്നാൽ ഇതിനിടെ പലരും വിമർശിക്കാൻ മറന്നുപോയ ഒരു താരമാണ് ഹർദിക് പാണ്ഡ്യ. പരിക്കിൽ നിന്ന് തിരിച്ചെത്തിയെങ്കിലും തന്റെ പ്രതാപകാല ഫോമിന്റെ അടുത്തെത്താൻ പോലും പാണ്ഡ്യയ്ക്ക് ആദ്യ മത്സരങ്ങളിൽ സാധിച്ചില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പാണ്ഡ്യയുടെ പ്രകടനം വളരെ മോശം തന്നെയാണ്.

മൈതാനത്ത് തന്റെ പെരുമാറ്റത്തിലെ വ്യത്യസ്തത കൊണ്ടും കർക്കശ സ്വഭാവം കൊണ്ടും വളരെയധികം ശ്രദ്ധ നേടാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. പലരും പാണ്ഡ്യയുടെ പെരുമാറ്റത്തെ ‘ഷോ’ എന്നുപോലും വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ ഷോ മാത്രമേ പാണ്ഡ്യയുടെ കയ്യിൽ ഉള്ളൂ എന്ന രീതിയിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത്. മോശം ഇന്നിംഗ്സുകളുടെ പേരിൽ സൂര്യകുമാറും സഞ്ജുവും കേൾക്കുന്ന വിമർശനങ്ങൾ ഹർദിക്കിനും അവകാശപ്പെട്ടതാണ്. താൻ ഇന്ത്യൻ ടീമിൽ കളിച്ച അവസാന 9 മത്സരങ്ങളിൽ നിന്ന് ഈ ഓൾറൗണ്ടർ നേടിയത് കേവലം 210 റൺസ് മാത്രമാണ്. ഈ കണക്കുകൾ പറയുന്നത് ഹർദിക് പാണ്ഡ്യയുടെ മോശം സാഹചര്യം തന്നെയാണ്.

വിൻഡിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാലാമനായി ആയിരുന്നു ഹർദിക് പാണ്ഡ്യ ഇറങ്ങിയത് . മത്സരത്തിൽ 7 പന്തുകൾ നേരിട്ട പാണ്ഡ്യ 5 റൺസ് മാത്രമാണ് നേടിയത്. എന്നിരുന്നാലും മത്സരത്തിൽ 3 ഓവറുകൾ പന്തറിഞ്ഞ പാണ്ഡ്യയ്ക്ക് ഒരു വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചിരുന്നു. രണ്ടാം മത്സരത്തിലും പാണ്ഡ്യ ഈ മോശം പ്രകടനം ആവർത്തിക്കുകയുണ്ടായി. രണ്ടാം മത്സരത്തിൽ 14 പന്തുകൾ നേരിട്ട പാണ്ഡ്യ 7 റൺസ് മാത്രമാണ് നേടിയത്. 6.4 ഓവറുകൾ പന്തറിഞ്ഞ പാണ്ഡ്യ 38 റൺസ് മത്സരത്തിൽ വിട്ടുനൽകുകയും ചെയ്തു.

പാണ്ഡ്യയുടെ ഈ മോശം ഫോം ഇന്ത്യയ്ക്ക് ലോകകപ്പിലടക്കം നിരാശകൾ സമ്മാനിക്കുന്നുണ്ട്. ലോകകപ്പിൽ ഇന്ത്യൻ ടീമിലെ വലിയ പ്രതീക്ഷ തന്നെയാണ് പാണ്ഡ്യ. ബോളിങ്ങിലും ബാറ്റിങ്ങിലും പാണ്ഡ്യ തിളങ്ങുമെന്ന് തന്നെയാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ടൂർണമെന്റിനു മുൻപായുള്ള മത്സരങ്ങളിൽ ഇത്തരം മോശം ഫോം പാണ്ഡ്യ തുടരുന്നത് ശുഭസൂചനകളല്ല. എന്നിരുന്നാലും വരും മത്സരങ്ങളിൽ പാണ്ഡ്യ ശക്തമായി തന്നെ തിരിച്ചു വരും എന്നാണ് പ്രതീക്ഷ.