“സഞ്ജു മികച്ച വിക്കറ്റ് കീപ്പറല്ല, പക്ഷെ മികച്ച ബാറ്ററാണ്”. ടീമിൽ കൂടുതൽ അവസരം നൽകണമെന്ന് സാബാ കരീം.

sanju samson 1248.jpg.image .845.440

ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോഴും തഴയപ്പെട്ട താരമാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും ഇന്ത്യ സഞ്ജു സാംസന് തുടർച്ചയായ അവസരങ്ങൾ ടീമിൽ നൽകാറില്ല. എന്നാൽ സഞ്ജുവിന് ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകണമെന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ സാബാ കരീമാണ്.

സഞ്ജുവിനെ നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് ഇന്ത്യ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ അയാൾക്ക് ആവശ്യമായ അവസരങ്ങൾ നൽകണമെന്നാണ് കരീം പറയുന്നത്. മാത്രമല്ല ഒരു വിക്കറ്റ് കീപ്പറേക്കാളുപരി ഒരു ബാറ്റർ എന്ന നിലയ്ക്കാണ് സഞ്ജു മികവ് പുലർത്തിയിട്ടുള്ളതെന്നും കരീം പറയുന്നു.

ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കരീം തന്റെ അഭിപ്രായം അറിയിച്ചത്. “സഞ്ജു ഒരു മികച്ച വിക്കറ്റ് കീപ്പറാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ കഠിന ഹൃദയനായതുകൊണ്ടല്ല അങ്ങനെ പറയുന്നത്. ഒരു വിക്കറ്റ് കീപ്പറെക്കാൾ ഉപരി ഒരു മികച്ച ബാറ്ററാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ ഇന്ത്യ അവന് ഏതെങ്കിലും ഒരു പൊസിഷനിൽ കൃത്യമായി അവസരങ്ങൾ നൽകേണ്ടതുണ്ട്. മധ്യനിരയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നതെങ്കിൽ അവന് അവിടെ അവസരം നൽകണം. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ഇന്ത്യ അവനെ ഉദ്ദേശിക്കുന്നതെങ്കിൽ അവിടെ സഞ്ജുവിനെ കളിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കണം.”- സാബാ കരീം പറയുന്നു.

Read Also -  "ഇവന്മാരൊക്കെ വീട്ടിൽ ഇരിക്കേണ്ടവരാണ്". പാകിസ്ഥാൻ താരങ്ങൾക്കെതിരെ വസീം അക്രം..

“നിലവിൽ ഇന്ത്യയുടെ ടീം സാഹചര്യങ്ങൾ പൂർണ്ണമായും കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. കെ എൽ രാഹുൽ ടീമിലേക്ക് തിരികെ എത്തുമ്പോൾ ഇഷാൻ കിഷന് ഓപ്പണറായി കളിക്കാൻ പറ്റില്ല എന്നത് ഉറപ്പാണ്. ലോകകപ്പിൽ എന്തായാലും ഇഷാൻ കിഷൻ ഓപ്പണറാവില്ല എന്നത് ഉറപ്പായിട്ടുണ്ട്.”- കരീം പറയുകയുണ്ടായി. ഇതോടൊപ്പം ഇന്ത്യയുടെ ടോപ്പ് ഓർഡർ ലോകകപ്പിന് മുൻപ് ഏകദേശം ഉറപ്പായിട്ടുണ്ട് എന്ന് മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദും പറയുകയുണ്ടായി.

2023 ലോകകപ്പിന് മുൻപായുള്ള പരീക്ഷണങ്ങളിലാണ് ഇന്ത്യ ഇപ്പോൾ. ഈ അവസരത്തിലാണ് രണ്ടാം ഏകദിനത്തിൽ പ്ലെയിങ് ഇലവനിൽ സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാൽ അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സഞ്ജുവിന് സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു 9 റൺസാണ് നേടിയത്. മൂന്നാം ഏകദിനം നാളെ നടക്കാനിരിക്കെ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സഞ്ജുവിന് ലോകകപ്പ് സ്ക്വാഡിലേക്ക് എത്താൻ സാധിക്കൂ.

Scroll to Top