മത്സരത്തിൽ മഴ പെയ്താൽ പണി കിട്ടുന്നത് ഇന്ത്യയ്ക്ക്.. പാകിസ്ഥാന് ഈസി വാക്കോവർ.

2023 ഏഷ്യാകപ്പിൽ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരം ഇന്ന് നടക്കുകയാണ്. ശ്രീലങ്കയിലെ കാൻഡിയിലാണ് ബദ്ധശത്രുക്കൾ തമ്മിലുള്ള ആവേശ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ സൂപ്പർ നാല് ഘട്ടത്തിലേക്ക് സ്ഥാനം ലഭിക്കാൻ ഇരു ടീമുകൾക്കും മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.

മാത്രമല്ല 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം എന്ന പ്രത്യേകതയും ഏഷ്യാകപ്പിലെ ഈ പോരാട്ടത്തിനുണ്ട്. എന്നാൽ മത്സരത്തിന് വലിയ ഭീഷണിയായി മഴ നിൽക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. മത്സര ദിവസമായ ഇന്ന് മഴപെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാലാവസ്ഥ സൂചന പ്രകാരം സെപ്റ്റംബർ രണ്ടിന് നടക്കുന്ന മത്സരത്തിൽ മഴ പല സമയത്തും അതിഥിയായി എത്തിയേക്കും. മത്സരം നടക്കുന്ന കാൻഡിയിൽ പകൽ സമയത്ത് 94% ആണ് മഴ പെയ്യാനുള്ള സാധ്യത. രാത്രി സമയങ്ങളിൽ 87 %വും മഴ പെയ്യാനുള്ള സാധ്യതയുണ്ട്.

വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ തുടർച്ചയായി മഴ പെയ്തേക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ഉച്ചതിരിഞ്ഞ് 2 മണി മുതൽ 11 മണി വരെയാവും മത്സരം നടക്കുക. അതുകൊണ്ടുതന്നെ മത്സരത്തിനിടയിൽ പല സമയത്തും മഴ അതിഥിയായി എത്തും എന്നത് ഏകദേശം ഉറപ്പാണ്. ഇതോടൊപ്പം മത്സരം പൂർണമായും ഉപേക്ഷിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. ഇങ്ങനെ മത്സരത്തിൽ ഫലമുണ്ടായില്ലെങ്കിൽ അത് ഇരു ടീമുകളെയും ഏതുതരത്തിൽ ബാധിക്കും എന്ന് പരിശോധിക്കാം.

ഏകദിന മത്സരം ആയതിനാൽ തന്നെ ഇരു ടീമുകളും കുറഞ്ഞത് 20 ഓവറുകളെങ്കിലും കളിച്ചാൽ മാത്രമേ മത്സരത്തിൽ ഫലം ഉണ്ടാവുകയുള്ളൂ. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തന്നെ മഴയെത്തുകയാണെങ്കിൽ പൂർണമായും മത്സരം ഉപേക്ഷിക്കപ്പെട്ടേക്കാം. അതേസമയം ആദ്യ ഇന്നിങ്സിനും രണ്ടാം ഇന്നിങ്സിലെ 20 ഓവറിനും ശേഷമാണ് മഴ എത്തുന്നതെങ്കിൽ മത്സരത്തിൽ ഒരു വിജയി ഉണ്ടാവും. മത്സരം പൂർണമായും ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതമാവും ലഭിക്കുക. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ ഒരു ഉഗ്രൻ വിജയം നേടാൻ പാകിസ്ഥാന് സാധിച്ചിരുന്നു. അതിനാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ഫലം ഉണ്ടായില്ലെങ്കിലും 3 പോയിന്റുകളുമായി പാകിസ്ഥാന് സൂപ്പർ നാലിലേക്ക് യോഗ്യത ലഭിക്കും.

അതേസമയം ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങൾ കുറച്ചുകൂടി നിർണായകമാണ്. ഇന്ത്യയുടെ 2023 ഏഷ്യാകപ്പിലെ ആദ്യ മത്സരമാണ് പാക്കിസ്ഥാനെതിരെ നടക്കുന്നത്. ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഒരു പോയിന്റ് മാത്രമാണ് ഇന്ത്യക്ക് ലഭിക്കുക. അങ്ങനെയെങ്കിൽ അടുത്ത മത്സരത്തിൽ നേപ്പാളിനെതിരെ ഒരു വിജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് സൂപ്പർ നാലിൽ യോഗ്യത നേടാൻ സാധിക്കൂ. സെപ്റ്റംബർ 4നാണ് ഇന്ത്യയുടെ നേപ്പാളിനെതിരായ മത്സരം. എന്നിരുന്നാലും നേപ്പാൾ ദുർബലമായ ടീമായതിനാൽ തന്നെ ഇന്ത്യ സൂപ്പർ 4ലെത്താൻ സാധ്യത വളരെ കൂടുതലാണ്.