സഞ്ജു മാസ്റ്റർ ബ്ലാസ്റ്റർ പ്രകടനങ്ങൾ തുടരുന്നു. പ്രശംസകളുമായി മാത്യു ഹെയ്ഡൻ.

380545

ഡൽഹി ക്യാപിറ്റൽസിനെതിരായ ബാറ്റിംഗ് പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജു സാംസൺ പുറത്തെടുത്ത വമ്പൻ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് ഹെയ്ഡൻ രംഗത്ത് വന്നത്.

ഇതുവരെ ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച സഞ്ജു 471 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 67.28 എന്ന ശരാശരിയിലാണ് സഞ്ജുവിന്റെ ഈ നേട്ടം. മറ്റു സീസണുകളെ അപേക്ഷിച്ച് സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ ഇത്തവണ കാണാൻ സാധിച്ചു. 5 തവണയാണ് സഞ്ജു ഇതിനോടകം അർത്ഥ സെഞ്ചറികൾ സ്വന്തമാക്കിയത്. സഞ്ജുവിന്റെ വമ്പൻ കഴിവുകളെ പുകഴ്ത്തിയാണ് ഹെയ്ഡൻ സംസാരിച്ചത്

“സഞ്ജു സാംസൺ ഒരു സ്വപ്നത്തിൽ എന്നതുപോലെയാണ് ബാറ്റ് ചെയ്യുന്നത്. 46 പന്തുകളിൽ 86 റൺസാണ് ഡൽഹിയ്ക്കെതിരെ അവൻ നേടിയത്. വീണ്ടും വീണ്ടും അവൻ അവന്റെ മൂല്യം വിളിച്ചോതുകയാണ്. ലക്നൗ ടീമിനെതിരെ തന്റെ ടീമിനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഒരുപക്ഷേ ഡൽഹിക്കെതിരായ മത്സരത്തിൽ രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ വന്നതിൽ അവന് നിരാശയുണ്ടാവാം. പക്ഷേ ഈ ടൂർണമെന്റിലുടനീളം ഒരു മാസ്റ്റർ ബ്ലാസ്റ്റർ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സ്പിന്നിനെതിരെയും പേസിനെതിരെയും വളരെ മികച്ച രീതിയിൽ കളിക്കാൻ ഇതിനോടകം സഞ്ജുവിന് സാധിച്ചിട്ടുണ്ട്.”- ഹെയ്ഡൻ പറയുന്നു.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

ട്വന്റി20 ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ തന്റെ പവർ ഉപയോഗിക്കാൻ സഞ്ജു സാംസന് സാധിക്കുന്നുണ്ട് എന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു. “ഇന്നിംഗ്സിൽ നന്നായി ടൈമിംഗ് കണ്ടെത്താൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. അവന് വലിയ പവറുമുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ പവർ എന്നത് വലിയൊരു കാര്യം തന്നെയാണ്. തന്റെ ടീമിനോട് അങ്ങേയറ്റം ആത്മാർത്ഥത കാണിക്കുന്ന താരം കൂടിയാണ് സഞ്ജു സാംസൺ. ഇപ്പോൾ അവന് വേണ്ടത് കുറച്ചു ഭാഗ്യം കൂടിയാണ്. പ്രത്യേകിച്ച് മത്സരങ്ങളുടെ അവസാന സമയത്ത്.”- മാത്യു ഹെയ്ഡൻ കൂട്ടിച്ചേർക്കുന്നു.

മുൻ ഇന്ത്യൻ താരം വരുൺ ആരോണും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിക്കുകയുണ്ടായി. “എനിക്ക് തോന്നുന്നത് സഞ്ജു സാംസൺ വളരെ നന്നായി ഇപ്പോൾ ബാറ്റ് ചെയ്യുന്നു എന്നാണ്. എല്ലാവരും തന്നെ സഞ്ജുവിനെ പുറത്താക്കാൻ എല്ലാ വഴികളും ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 2 ബൗൺസറുകൾ ഒരു ഓവറിൽ എറിയാൻ സാധിക്കും. അത് സഞ്ജുവിനെതിരെ എല്ലാവരും നന്നായി പ്രയോഗിക്കുന്നുണ്ട്. സഞ്ജുവിനെതിരെ ആക്രമണപരമായി ബോൾ ചെയ്യുക എന്നത് ബോളർമാരെ സംബന്ധിച്ച് വളരെ നിർണായകമാണ്. സമ്മർദ്ദ സാഹചര്യങ്ങളിലും ബോളർമാരെ അടിച്ചു തൂക്കാൻ സഞ്ജുവിന് സാധിക്കും.”- ആരോൺ പറഞ്ഞു.

Scroll to Top