സർഫറാസ് ഖാനോ, രജത് പട്ടിദാറോ? ആര് പ്ലെയിങ് എല്ലാവനിൽ കളിക്കും ? ഉത്തരവുമായി ഇർഫാൻ പത്താൻ.

സീനിയർ താരങ്ങളിൽ പലരും ഇല്ലാതെയാണ് ഇന്ത്യ നാളെ രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. വിരാട് കോഹ്ലി, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങൾ പല കാരണങ്ങൾ കൊണ്ടും ടീമിൽ നിന്ന് മാറി നിൽക്കുകയാണ്.

ഈ സാഹചര്യത്തിൽ പുതിയ താരങ്ങളെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർഫറാസ് ഖാൻ, രാജത് പട്ടിദാർ എന്നീ താരങ്ങളെയാണ് പ്രധാനമായും ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യ ഇവരിൽ ആരെ ടീമിൽ ഉൾപ്പെടുത്തും എന്നത് വലിയൊരു ചോദ്യമാണ്. ഇതിനുള്ള ഉത്തരം നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

പട്ടിദാർ, സർഫറാസ് എന്നിവരിൽ ആരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണം എന്നത് വലിയൊരു ചോദ്യമാണ് എന്ന് ഇർഫാൻ പത്താൻ പറയുന്നു. എന്നാൽ ഇന്ത്യ ആദ്യം സ്ക്വാഡിലേക്ക് ക്ഷണിച്ചത് രജത് പട്ടിദാറിനെ ആയതിനാൽ തന്നെ അവന് അവസരം ലഭിക്കുമെന്നാണ് പത്താൻ കരുതുന്നത്.

“ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമേറിയ ഒരു ടാസ്ക് തന്നെയാണ്. എന്നാൽ രജത് പട്ടിദാറിനെയാണ് ഇന്ത്യ ആദ്യമായി തങ്ങളുടെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്. അതുകൊണ്ടു തന്നെ പട്ടിദാറിന് അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഇർഫാൻ പറഞ്ഞു.

വിരാട് കോഹ്ലിക്ക് പകരക്കാരനായി ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലേക്ക് ഇന്ത്യ പട്ടിദാറിനെ തിരഞ്ഞെടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് വിരാട് കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് മാറിനിന്നത്. സർഫറാസ് ഖാനെ പോലെ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ വളരെ മികച്ച പ്രകടനങ്ങളാണ് പട്ടിദാറും കാഴ്ച വച്ചിരിക്കുന്നത്.

ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ലയൻസിനെതിരായ പരമ്പരയിൽ തുടർച്ചയായി സെഞ്ചുറികൾ നേടിയാണ് പട്ടിദാർ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. എന്നിരുന്നാലും ശ്രേയസ് അയ്യർക്കും ശുഭമാൻ ഗില്ലിനും പകരമാവാൻ ഈ താരങ്ങൾക്ക് സാധിക്കുമോ എന്നത് വലിയ ചോദ്യമായി നിലനിൽക്കുന്നു.

ശ്രേയസ്സും ഗില്ലും വളരെ നിലവാരമുള്ളവരാണെന്നും, ഇവർക്ക് പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നുമാണ് പത്താൻ പറഞ്ഞത്.

“ശ്രേയസിനും ഗില്ലിനും കഴിഞ്ഞ കുറച്ചു നാളുകളായി പകരക്കാരെ അന്വേഷിക്കേണ്ട ആവശ്യം വന്നിട്ടില്ല. ഇരുവരും സമീപ സമയത്ത് വളരെ മികച്ച പ്രകടനങ്ങൾ ആയിരുന്നില്ല കാഴ്ചവച്ചത്. എന്നാൽ അതിനർത്ഥം അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടില്ല എന്നല്ല.

ശുഭമാൻ ഗില്ലിനെ പോലെയുള്ള താരങ്ങളാണ് ഇന്ത്യയുടെ ഭാവി.”- പത്താൻ പറഞ്ഞു വയ്ക്കുന്നു. 2020ൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു ഗിൽ തന്റെ അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. ഇതുവരെ 21 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ഗിൽ 1063 റൺസും സ്വന്തമാക്കിയിട്ടുണ്ട്. അയ്യർ 13 മത്സരങ്ങളിൽ നിന്ന് 755 റൺസാണ് നേടിയത്.

Previous articleരണ്ടാം ടെസ്റ്റിനായി ഇന്ത്യ ടേണിംഗ് പിച്ച് ഉണ്ടാക്കരുത്. ഇന്ത്യൻ ബാറ്റർമാർ മോശം ഫോമില്ലെന്ന് ആകാശ് ചോപ്ര.
Next articleസേവാഗ് സ്റ്റൈലിൽ സിക്സർ പറത്തി ജയസ്വാളിന്റെ സെഞ്ച്വറി. ഇംഗ്ലണ്ടിനെ അടിച്ചൊടിച്ച ഇന്നിങ്സ്.