രണ്ടാം ടെസ്റ്റിനായി ഇന്ത്യ ടേണിംഗ് പിച്ച് ഉണ്ടാക്കരുത്. ഇന്ത്യൻ ബാറ്റർമാർ മോശം ഫോമില്ലെന്ന് ആകാശ് ചോപ്ര.

england 2024

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പ് നൽകി മുൻ താരം ആകാശ് ചോപ്ര. രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ടേണിങ് പിച്ച് നിർമ്മിക്കരുത് എന്നാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. ഇനിയും ഇന്ത്യ ടേണിങ് പിച്ച് അനാവശ്യമായി ഉപയോഗിച്ചാൽ അത് ഇന്ത്യക്ക് ഗുണം ചെയ്യില്ല എന്നാണ് ചോപ്രയുടെ നിഗമനം.

നിലവിലെ ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് അത്ര മികച്ച ഫോമിലല്ല കളിക്കുന്നതെന്നും, അതിനാൽ തന്നെ മെച്ചപ്പെട്ട ഒരു പിച്ച് ഉണ്ടാക്കുന്നതാണ് ഉത്തമമെന്നും ആകാശ് ചോപ്ര കരുതുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 28 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. പിന്നാലെയാണ് ചോപ്രയുടെ അഭിപ്രായ പ്രകടനം.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം വിശദമാക്കിയത്. വിശാഖപട്ടണത്ത് ടേണിങ് പിച്ചുകൾ നിർമ്മിക്കുന്നത് ഉത്തമമല്ല എന്ന് ചോപ്ര പറയുന്നു. “ഇന്ത്യയ്ക്ക് സ്വയമേ കുറച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. മികച്ച ഒരു ബാറ്റിങ് പിച്ച് ഉണ്ടാക്കുകയാണെങ്കിൽ ഇംഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യയെക്കാൾ മികച്ച രീതിയിൽ കളിക്കാൻ സാധിക്കും.”

“ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അത്ര മികച്ച ഫോമിലല്ല ഇപ്പോൾ. രാഹുൽ രണ്ടാം ടെസ്റ്റിൽ കളിക്കുന്നുമില്ല. വിരാട് കോഹ്ലി ടെസ്റ്റ് മത്സരത്തിൽ നിന്ന് മാറി നിൽക്കുകയാണ്. രവീന്ദ്ര ജഡേജ എന്ന ഓൾറൗണ്ടറും നമുക്കില്ല. അതുകൊണ്ടുതന്നെ ഏതുതരം പിച്ച് ഉണ്ടാക്കണം എന്നത് സംശയത്തിന്റെ നിഴലിലാണ്.”- ചോപ്ര പറയുന്നു.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".

“എന്റെ അഭിപ്രായത്തിൽ ഒരു ഭേദപ്പെട്ട പിച്ച് നിർമ്മിക്കുന്നതാണ് ഉത്തമം. ഒരു ടേണിങ് പിച്ച് ഉണ്ടാക്കി അമിതാവേശം കാട്ടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. കാരണം ഇന്ത്യയുടെ ബാറ്റർമാർ ഫോമിലല്ല. ആ സാഹചര്യത്തിൽ രണ്ട് ടീമുകളുടെയും സ്പിന്നർമാർ ഒരേപോലെ കാര്യക്ഷമതയോടെ മുന്നിലേക്ക് എത്തും.”

“ഇംഗ്ലണ്ടിന്റെ സ്പിന്നർമാർക്ക് പലപ്പോഴും സ്ഥിരതയില്ലെങ്കിലും, അത് ഇവിടെ ഒരു കാരണമാവില്ല. കിഷൻ ബേദിയെ പോലെയാണ് ടോം ഹാർട്ലി ബോളിങ് ആരംഭിച്ചത്. ശേഷം ജോ റൂട്ട് മുത്തയ്യ മുരളീധരനെപ്പോലെ പന്തറിയുകയും ചെയ്തു.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇന്ത്യയിലെ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ മോശം പ്രകടനങ്ങൾ എടുത്തു കാട്ടിയാണ് ചോപ്ര സംസാരിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. രണ്ടു മത്സരങ്ങൾ ഇന്ത്യ പരാജയപ്പെടുകയും, ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

പലപ്പോഴും ഇത്തരത്തിൽ വലിയ സ്പിന്നിങ് പിച്ചുകൾ ഉണ്ടാക്കുന്നത് പരാജയത്തിന് കാരണമാകുന്നു എന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. എന്തായാലും വലിയൊരു തീരുമാനം തന്നെയാണ് നാളെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എടുക്കാൻ പോകുന്നത്.

Scroll to Top