സഞ്ജുവിനെ പുറത്താക്കാൻ വിൻഡിസ് പ്രയോഗിച്ച “പ്ലാൻ ബി”.. തുറന്ന് പറഞ്ഞ് ഷെപ്പേർഡ്.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ പുറത്തെടുത്തത്. പരമ്പരയിൽ 3 ഇന്നിങ്സുകൾ കളിച്ച സഞ്ജു സാംസൺ 12, 7, 13 എന്നിങ്ങനെയായിരുന്നു സ്കോർ ചെയ്തത്. ഏഷ്യാകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റ്കളിൽ ടീമിൽ സ്ഥാനം കണ്ടെത്താനായി സഞ്ജുവിന് മികച്ച ഇന്നിങ്സുകൾ നിർണായകമായിരുന്നു. പക്ഷേ അത് യാതൊരു തരത്തിലും മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. എങ്ങനെയാണ് തങ്ങൾ ട്വന്റി20 പരമ്പരകളിൽ സഞ്ജുവിനെ തളച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻഡീസിന്റെ താരം റോമാരിയോ ഷെപ്പേർഡ്.

സഞ്ജുവിനെതിരെ നേരത്തെ തന്നെ തങ്ങൾ പദ്ധതികൾ ഇട്ടിരുന്നു എന്നാണ് ഷെപ്പേർഡ് പറയുന്നത്. ഇതനുസരിച്ച് കാര്യങ്ങൾ മുൻപോട്ടു പോയപ്പോൾ സഞ്ജുവിനെ പുറത്താക്കുക എന്നത് അനായാസമായി മാറി എന്ന് ഷെപ്പേർഡ് പറയുന്നു.

“ഇന്ത്യക്കെതിരെ പരമ്പര നേടാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിക്കോളാസ് പൂരനും ബ്രാണ്ടൻ കിങ്ങും ഞങ്ങൾക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിന പരമ്പര തുടങ്ങിയത് മുതൽ കൃത്യമായ രീതിയിൽ പന്തറിയാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ട്വന്റി20യിലും അതിന് എനിക്ക് സാധിച്ചു. സഞ്ജുവിനെതിരെ സ്റ്റമ്പിൽ കൃത്യമായി ആക്രമിക്കുക എന്ന പദ്ധതിയാണ് ഞങ്ങൾ മെനഞ്ഞത്. അത് പ്രാവർത്തികമായി.”- ഷെപ്പേർഡ് പറയുന്നു.

“സൂര്യകുമാറിനെതിരെയും ഞങ്ങൾക്ക് തന്ത്രം ഉണ്ടായിരുന്നു. സൂര്യകുമാറിനെ നേരെ ഷോട്ടു കളിപ്പിക്കുക എന്നതായിരുന്നു ടീമിന്റെ തന്ത്രം. കഴിഞ്ഞ കുറച്ചധികം മാസങ്ങളായി വളരെ പ്രയാസമുള്ള സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. അതിനാൽ തന്നെ ഇന്ത്യ പോലെയുള്ള വലിയ ടീമിനെതിരെ നേടിയ ഈ വിജയം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്.”- ഷെപ്പേർഡ് കൂട്ടിച്ചേർത്തു

സഞ്ജുവിനെ സംബന്ധിച്ച് ടീമിലെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു ഈ പരമ്പര. എന്നാൽ പരമ്പരയിൽ ദയനീയമായി സഞ്ജു പരാജയപ്പെടുകയുണ്ടായി. പല മത്സരങ്ങളിലും വളരെ മികച്ച ഷോട്ടുകളോടെയാണ് സഞ്ജു ഇന്നിംഗ് ആരംഭിച്ചത്.

എന്നാൽ നല്ല തുടക്കങ്ങൾ വലിയ ഇന്നിങ്സക്കി തീർക്കുന്നതിലാണ് മലയാളി താരം പരാജയപ്പെട്ടത്. എന്നിരുന്നാലും അയർലണ്ടിനെതിരെ വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് അയർലൻഡിൽ നടക്കുന്നത്. ആ മത്സരത്തിലെങ്കിലും സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleഏകദിന ലോകകപ്പിൽ നാലാം നമ്പറിൽ സഞ്ജു തന്നെ വരണം. സാഹചര്യങ്ങൾ വെളിപ്പെടുത്തി മുൻ ഓസീസ് താരം.
Next articleരാജ്യമാണ് വലുത്, ഐപിഎൽ അല്ല. വീണ്ടും ചെന്നൈയ്ക്ക് പണികൊടുത്ത് സ്റ്റോക്സ്.