ഏകദിന ലോകകപ്പിൽ നാലാം നമ്പറിൽ സഞ്ജു തന്നെ വരണം. സാഹചര്യങ്ങൾ വെളിപ്പെടുത്തി മുൻ ഓസീസ് താരം.

sanju samson poster

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. കൃത്യമായ രീതിയിൽ സന്തുലിതമായ ഒരു ടീം കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ഏകദിനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്ററാണ് കെ എൽ രാഹുൽ.

എന്നാൽ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ് രാഹുൽ. ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് രാഹുൽ തിരിച്ചെത്തുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. കെ എൽ രാഹുലിന് ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധിച്ചില്ലെങ്കിൽ പകരക്കാരനായി നാലാം നമ്പറിൽ ഇന്ത്യ മറ്റൊരു യുവതാരത്തെ കളിപ്പിക്കണം എന്നാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് ഇപ്പോൾ പറയുന്നത്. ഒരു കാരണവശാലും ഇഷാൻ കിഷനെ ഇന്ത്യ നാലാം നമ്പറിൽ കളിപ്പിക്കരുതെന്നും, കിഷനെ ഓപ്പണറായി തന്നെ കളിപ്പിക്കാൻ ശ്രമിക്കണമെന്നും ഹോഗ് പറയുന്നു.

രാഹുലിന്റെ അഭാവത്തിൽ തിലക് വർമ്മയ്ക്ക് നാലാം നമ്പറിൽ ഇന്ത്യ അവസരം നൽകണമെന്നാണ് ഹോഗിന്റെ അഭിപ്രായം. “ലോകകപ്പ് ടീമിൽ രാഹുൽ കളിച്ചില്ലെങ്കിൽ രോഹിത് ശർമയോടൊപ്പം ഇഷാൻ കിഷൻ ഓപ്പണറായി ഇറങ്ങേണ്ടിവരും. നാലാം നമ്പറിൽ ഇന്ത്യ തിലക് വർമയ്ക്ക് അവസരങ്ങൾ നൽകണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ഏകദിന ഫോർമാറ്റിൽ വലിയ പ്രകടനങ്ങൾ നടത്തിയുള്ള പരിചയം തിലക് വർമയ്ക്കില്ല. എന്നിരുന്നാലും വെസ്റ്റിൻഡീസിനെതിരായി ട്വന്റി20 പരമ്പരയിൽ തിലക് വർമ പുറത്തെടുത്തത് വളരെ പക്വതയാർന്ന പ്രകടനം തന്നെയായിരുന്നു.”- ബ്രാഡ് ഹോഗ് പറയുന്നു.

Read Also -  എന്തുകൊണ്ട് ബുംയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നില്ല? ഉത്തരവുമായി ഗൗതം ഗംഭീർ.

“ഇനി ശുഭമാൻ ഗില്ലിനെയും രോഹിത് ശർമയേയുമാണ് ഇന്ത്യ ഓപ്പണറായി ലോകകപ്പിൽ കാണുന്നതെങ്കിൽ, മധ്യനിരയിൽ നന്നായി ബാറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറെ ടീമിൽ ഉൾപ്പെടുത്താനും തയ്യാറാവണം. ഈ സാഹചര്യത്തിൽ അങ്ങനെ ഒരു ബാറ്ററായി കാണാൻ സാധിക്കുന്നത് സഞ്ജു സാംസനെയാണ്. നാലാം നമ്പറിൽ ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.

ട്വന്റി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഏകദിനങ്ങളിൽ ഭേദപ്പെട്ട പ്രകടനമാണ് സഞ്ജു ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങൾ കളിച്ച സഞ്ജു 390 റൺസ് നേടുകയുണ്ടായി. 55 റൺസ് ശരാശരിയിലാണ് സഞ്ജുവിന്റെ ഈ നേട്ടം. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക. എന്നിരുന്നാലും അടുത്ത മാസം അഞ്ചാം തീയതിക്ക് മുൻപ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.

Scroll to Top