ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണായകമായ ശ്രീലങ്കക്ക് പര്യടനത്തിലെ ഏകദിന, ടി :20 പരമ്പരകൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഒപ്പം മലയാളികളുടെ എല്ലാം പ്രതീക്ഷയാണ് സഞ്ജു സാംസൺ. നിലവിൽ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലിടം നേടിയ സഞ്ജു സാംസണ് ഈ പരമ്പര പ്രധാനമാണ്. ബാറ്റിങ്ങിലെ തന്റെ മികവ് ഇന്ത്യൻ ടീം കുപ്പായത്തിൽ ഒട്ടും കാഴ്ചവെക്കുവാൻ കഴിയാതെ പോയ സഞ്ജുവിന് രണ്ട് പരമ്പരകളിലും അവസരം മികച്ച ബാറ്റിങ് പ്രകടനത്തോടെ വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ ഇതിനകം പുറത്തെടുത്ത സാഹചര്യം സഞ്ജുവിന് ഭീഷണിയാണ്.
എന്നാൽ സഞ്ജുവിനെ പ്രതിഭാശാലി എന്ന് പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്ന മുൻ ഇന്ത്യൻ താരം വസീം ജാഫർ സഞ്ജു കഴിവ് പലപ്പോഴും ഉപയോഗിക്കാറില്ല എന്നും വിമർശനം ഉന്നയിക്കുന്നു.”സഞ്ജു പ്രതിഭയാണ്. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. എന്നാൽ അവനിൽ നിന്നും നാം പ്രതീക്ഷിക്കുന്ന ഒരു മികവ് പലപ്പോഴും കാണുവാൻ കഴിയുന്നില്ല എന്നതാണ് സത്യം. നിലവിലെ പല യുവ താരങ്ങളെ പോലും പിന്തള്ളി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് കഴിയുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ അവൻ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം കാഴ്ചവെക്കുന്നില്ല എന്നത് സത്യമാണ് “വസീം ജാഫർ അഭിപ്രായം വിശദമാക്കി.
“ഇപ്പോഴും ഞാൻ സഞ്ജുവിൽ വിശ്വാസം നൽകുവാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങാൻ പല തവണയും സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ മൂന്നോ നാലോ മികച്ച പ്രകടനം കാണുവാൻ സാധിക്കും. പക്ഷേ പിന്നീട് അവൻ നിരാശപെടുത്തും. ഈ സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു കുറച്ച് കൂടി ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഏറെ ഇന്നിങ്സുകൾ കണ്ടത്തിലാണ് എന്റെ പ്രതീക്ഷ. ഇന്ത്യൻ ടീമിലും ഇപ്രകാരം കളിക്കാൻ സഞ്ജുവിന് കഴിയട്ടെ “ജാഫർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.