ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എക്കാലവും അവഗണനകൾ മാത്രം നേരിട്ടുള്ള താരമാണ് മലയാളി തരം സഞ്ജു സാംസൺ. ഏഷ്യാകപ്പിനും ലോകകപ്പിനും ഏഷ്യൻ ഗെയിംസിനും ശേഷം ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ഇന്ത്യ സഞ്ജു സാംസനെ ഒഴിവാക്കുകയുണ്ടായി. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇന്ത്യൻ ടീം സെലക്ടർമാർക്കെതിരെ ഉയർന്നത്.
സീനിയർ താരങ്ങളൊക്കെയും ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് വിശ്രമം എടുത്തപ്പോഴും സഞ്ജുവിന് ഇന്ത്യ അവസരം നൽകാത്തത് എന്തുകൊണ്ടാണ് എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. എന്നാൽ സഞ്ജു പൂർണമായും തങ്ങളുടെ സെലക്ഷൻ ചോയിസിൽ നിന്ന് അപ്രത്യക്ഷമായിട്ടില്ല എന്നാണ് ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ പറഞ്ഞിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണ് പകരം ജിതേഷ് ശർമയെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി ടീമിലേക്ക് തിരഞ്ഞെടുത്തത്. പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. സൂര്യയ്ക്ക് പുറമേ പല യുവതാരങ്ങൾക്കും ഇന്ത്യ പരമ്പരയിൽ അവസരം നൽകി. എന്നാൽ വീണ്ടും സഞ്ജുവിനെ തഴഞ്ഞു. ഇതിനുള്ള കാരണം പോലും സെലക്ടർമാർ വ്യക്തമാക്കിയിരുന്നില്ല
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളടക്കം ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. പക്ഷേ ടീം സെലക്ഷന് മുമ്പ് ഇന്ത്യയുടെ ചീഫ് സെലക്ടറായ അജിത് അഗാർക്കർ സഞ്ജു സാംസണുമായി സംസാരിച്ചിരുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. മുംബൈയിൽ വച്ച് ഇരുവരും ടീം സെലക്ഷനെ പറ്റിയുള്ള കാര്യങ്ങൾ സംസാരിച്ചിരുന്നു എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി.
എന്നാൽ സഞ്ജുവും അഗാർക്കറും തമ്മിലുള്ള സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇതുവരെ പുറത്തുവിട്ടില്ല. പക്ഷേ സഞ്ജുവിനെ ഇന്ത്യ ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അഗാർക്കർ ഉറപ്പു നൽകിയതായി പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വരും മത്സരങ്ങളിൽ ഇന്ത്യ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തും എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.
“100% അല്ല, 200%വും സഞ്ജു ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം തന്നെയാണ്.”- ഇതാണ് അജിത്ത് അഗാർക്കർ അറിയിച്ചിരിക്കുന്നത്. മാത്രമല്ല തന്റെ ഫിറ്റ്നസ് സഞ്ജു കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് അജിത് അഗാർക്കർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജുവിന്റെ ഫിറ്റ്നസ് ഇത്തരം അവഗണനങ്ങൾക്ക് പ്രധാന കാരണമാണ് എന്നുകൂടിയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും അഗാർക്കറുടെ ഈ പ്രതികരണം സഞ്ജുവിന് വലിയ ആശ്വാസം തന്നെ നൽകുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ അടക്കം ഇനിയും ഒരുപാട് പരമ്പരകൾ ഇന്ത്യയ്ക്ക് വരാനിരിക്കുന്നു. മാത്രമല്ല 2024 ട്വന്റി20 ടീമിലേക്ക് ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാനാവുന്ന ഒരു താരം തന്നെയാണ് സഞ്ജു സാംസൺ. ഈ സാഹചര്യത്തിൽ മികച്ച പ്രകടനങ്ങളോടെ സഞ്ജു വീണ്ടും ഇന്ത്യൻ ടീമിലേക്ക് എത്തുന്നതും കാത്താണ് ആരാധകർ ഇരിക്കുന്നത്. അതിനുള്ള അവസരം ഉടനെ തന്നെ ഉണ്ടാവും എന്നതിന്റെ സൂചനയാണ് അജിത് അഗാർക്കറുടെ ഈ വാക്കുകൾ.