ഐപിഎല്ലിന്റെ 2023 സീസണിന് മുമ്പ് വൈറലായി സഞ്ജുവിന്റെ പരിശീലന വീഡിയോ. നെറ്റ്സിൽ തനിക്കു മുൻപിൽ എത്തുന്ന മുഴുവൻ ബോളർമാരെയും അടിച്ചു തൂക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. എന്നെന്നും രാജസ്ഥാൻ റോയൽസിന്റെ കാവലാളായി കളിക്കുന്ന സഞ്ജു സാംസൺ നിലവിൽ ടീമിന്റെ നായകനാണ്. 2022 സീസണില്‍ രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിന്റെ ഫൈനലിൽ എത്തിക്കാനും സഞ്ജു സാംസണ് സാധിച്ചിരുന്നു. 2023 സീസണിലും സഞ്ജു രാജസ്ഥാനായി നിറഞ്ഞാടും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതിന് ആക്കം കൂട്ടുന്ന പരിശീലന വീഡിയോയാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.
എന്നാൽ ഈ പരിശീലന വീഡിയോ പുറത്തെത്തിയതോടെ വലിയ രീതിയിലുള്ള തിരിച്ചടിയാണ് ബിസിസിഐയ്ക്ക് ലഭിച്ചിരിക്കുന്നത്. മുൻപ് ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ സഞ്ജു സാംസണ് പരിക്ക് പറ്റിയിരുന്നു. ശേഷം സഞ്ജു പൂർണമായും ഫിറ്റല്ലാത്തതിനാലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് ബിസിസിഐ അറിയിക്കുകയുണ്ടായി. എന്നാൽ താൻ പൂർണ്ണമായും ഫിറ്റാണ് എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം തന്നെയാണ് സഞ്ജു നെറ്റ്സിൽ കാഴ്ചവച്ചിട്ടുള്ളത്. അതിനാൽതന്നെ ഇന്ത്യൻ ദേശീയ ടീം മാനേജ്മെന്റിന്റെ വാദം പൊളിയുകയാണ്.
സഞ്ജുവിന്റെ നെറ്റ്സിലെ വീഡിയോ പുറത്തുവന്നതോടുകൂടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തരംഗമാണ് ഉണ്ടായിരിക്കുന്നത്. ബിസിസിഐ സഞ്ജുവിനെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കാനായി പറഞ്ഞ കള്ളത്തരമാണ് ഫിറ്റ്നസ് പ്രശ്നം എന്നാണ് യൂസർമാർ പറയുന്നത്. ശ്രേയസ് അയ്യർക്ക് പരിക്കുപറ്റിയ സാഹചര്യത്തിലായിരുന്നു സഞ്ജു സാംസനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്ന മുറവിളി ആരംഭിച്ചത്.
മാത്രമല്ല ആദ്യത്തെ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയുടെ സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവ് ഡക്കായി പുറത്തായതോടെ ഇതിന് ആക്കം കൂടുകയായിരുന്നു. നിലവിൽ ഏകദിന ക്രിക്കറ്റിൽ 66 റൺസ് ശരാശരിയുള്ള ബാറ്ററാണ് സഞ്ജു സാംസൺ. പക്ഷേ ഇന്ത്യ കഴിഞ്ഞ സമയങ്ങളിൽ ഒന്നും സഞ്ജുവിന് ആവശ്യമായ അവസരങ്ങൾ നൽകിയിരുന്നില്ല. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും സഞ്ജുവിന് അവസരങ്ങൾ നൽകാത്തത് ബിസിസിഐയുടെ ഗൂഡമായ ലക്ഷ്യത്തിന്റെ ഭാഗമാണ് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. എന്തായാലും 2023 ഐപിഎല്ലിലൂടെ സഞ്ജു തിരികെ ടീമിലെത്തും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.