യുപിയെ ഞെട്ടിച്ച സഞ്ജുവിന്റെ ആദ്യ ബോൾ സിക്സർ. ഫോർമാറ്റ് മാറിയോ എന്ന് ആരാധകർ. വീഡിയോ വൈറല്‍

ഉത്തർപ്രദേശിനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് 302 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളവും തരക്കേടില്ലാത്ത പ്രകടനമാണ് ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. മത്സരത്തിലെ സഞ്ജു സാംസണിന്റെ ഇന്നിംഗ്സും കേരളത്തെ സംബന്ധിച്ച് പ്രധാനമായിരുന്നു.

46 പന്തുകൾ നേരിട്ട സഞ്ജു മത്സരത്തിൽ 35 റൺസാണ് സ്വന്തമാക്കിയത്. 5 ബൗണ്ടറികളും ഒരു സിക്സറുമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. സഞ്ജു മത്സരത്തിൽ നേടിയ ഈ സിക്സറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിരിക്കുന്നത്.

ആലപ്പുഴ മൈതാനത്ത്, തന്നെ കാത്തിരുന്ന ആരാധകർക്ക് മുൻപിൽ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് സഞ്ജു ഞെട്ടിച്ചത്. 4 ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ എല്ലാവരും പരമാവധി ക്ഷമയോടെ കളിക്കാൻ ശ്രമിച്ച സമയത്താണ് സഞ്ജു ആദ്യ പന്തിൽ തന്നെ സിക്സർ നേടി കാണികളെ അമ്പരപ്പിച്ചത്.

ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്പിന്നർ കുൽദീവ് യാദവിനെതിരെ ആയിരുന്നു സഞ്ജു ഈ വെടിക്കെട്ട് സിക്സർ സ്വന്തമാക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ തെല്ലും മടിക്കാതെ ക്രീസിന് പുറത്തേക്കിറങ്ങിയാണ് സഞ്ജു ഷോട്ട് കളിച്ചത്. ടീം തകർന്നു നിൽക്കുന്ന സമയത്തും ആദ്യ പന്തിൽ ഇങ്ങനെയൊരു ഷോട്ട് കളിച്ച സഞ്ജുവിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ രംഗത്ത് വന്നത്.

പലരും സഞ്ജുവിന്റെ ധൈര്യത്തെയും ബാറ്റിംഗ് മികവിനെയും പ്രശംസിക്കുകയും ഉണ്ടായി. എന്നാൽ അതോടൊപ്പം തന്നെ വലിയ വിമർശനങ്ങളും സഞ്ജുവിനെതിരെ ഉയർന്നിട്ടുണ്ട്. മികച്ച ഒരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ലഭിച്ച അവസരം സഞ്ജു ഇല്ലാതാക്കി എന്ന് ചില ആരാധകർ പറയുന്നു. മത്സരത്തിൽ 35 റൺസാണ് സഞ്ജുവിന് നേടാൻ സാധിച്ചത്.

സഞ്ജു ഇത്തരം മത്സരങ്ങളിൽ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ കളിക്കേണ്ടതുണ്ട് എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. മാത്രമല്ല മത്സരത്തിൽ ഏഴാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ഒരു അഞ്ചാമനായെങ്കിലും സഞ്ജു മൈതാനത്ത് എത്തേണ്ടതുണ്ടായിരുന്നു എന്ന് ഒരു വിഭാഗം ആരാധകർ പറയുന്നു.

മത്സരത്തിന്റെ മൂന്നാം ദിവസവും ഉത്തർപ്രദേശിനെതിരെ ശക്തമായ പോരാട്ടം നയിക്കാൻ കേരളത്തിന് സാധിക്കുന്നുണ്ട്. റിങ്കു സിംഗും ധ്രുവ് ജൂറലുമായിരുന്നു ഉത്തർപ്രദേശിനായി ആദ്യ ഇന്നിങ്സിൽ മികവ് പുലർത്തിയത്. റിങ്കു മത്സരത്തിൽ 92 റൺസ് സ്വന്തമാക്കിയപ്പോൾ ജൂറൽ 63 റൺസാണ് നേടിയത്. ഇരുവരുടെയും മികവിലാണ് 302 എന്ന ശക്തമായ സ്കോർ ഉത്തർപ്രദേശ് നേടിയത്. മറുപടി ബാറ്റിംഗിൽ കേരളം തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് 74 റൺസുമായി അവസരത്തിനൊത്ത് ഉയരുകയായിരുന്നു.

Previous articleഅവനെപ്പോലൊരു ബോളര്‍ എല്ലാ ടീമിലും ഉണ്ടായിരുന്നെങ്കില്‍…. ഇര്‍ഫാന്‍ പത്താന്‍ പറയുന്നു.
Next articleകേരള ബൗളര്‍മാര്‍ നിരാശപ്പെടുത്തി. റണ്‍സ് വാരിക്കൂട്ടി ഉത്തര്‍ പ്രദേശ്.