രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ റൺ ഔട്ടുമായി സഞ്ജു സാംസൺ. മത്സരത്തിൽ പഞ്ചാബ് ഇന്നിങ്സിലെ നിർണായക സമയത്ത് അപകടകാരിയായ ലിവിങ്സ്റ്റനെയാണ് സഞ്ജു തകർപ്പൻ പ്രകടനത്തനോടെ പുറത്താക്കിയത്.
മത്സരത്തിൽ ചാഹൽ എറിഞ്ഞ പതിനെട്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം അരങ്ങേറിയത്. ചാഹൽ എറിഞ്ഞ പന്തിൽ ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു ആഷുടോഷ് ശർമ. ഡീപ് മിഡ്വിക്കറ്റിലേക്കാണ് പന്ത് എത്തിയത്. ഈ സമയത്ത് ലിവിംഗ്സ്റ്റൺ രണ്ടാം റൺസ് ഓടി എടുക്കാൻ ശ്രമിക്കുകയായിരുന്നു.
മിഡ്വിക്കറ്റിൽ ഫീൽഡ് ചെയ്ത തനുഷ് കൊട്ടിയൻ പന്ത് കൃത്യമായി കൈപ്പിടിയിൽ ഒതുക്കുകയും, സഞ്ജുവിന്റെ നേർക്ക് ത്രോ എറിയുകയും ചെയ്തു. കൊട്ടിയന്റെ ഫ്ലാറ്റായ ത്രോ, തന്റെ ഇടതുവശത്തേക്ക് നീങ്ങി സഞ്ജു കൈപിടിയിൽ ഒതുക്കുകയും, ശേഷം കൃത്യമായി സ്റ്റമ്പിലേക്ക് ത്രോ ചെയ്യുകയുമാണ് ഉണ്ടായത്.
Excellent piece of fielding! 🙌
— IndianPremierLeague (@IPL) April 13, 2024
It's none other than the @rajasthanroyals skipper @IamSanjuSamson with a superb run-out to dismiss Livingstone 🎯
Watch the match LIVE on @JioCinema and @StarSportsIndia 💻📱 #TATAIPL | #PBKSvRR pic.twitter.com/iCsTjauQqV
ശേഷം രാജസ്ഥാൻ റോയൽസ് അപ്പീൽ ചെയ്യുകയും, ഫീൽഡിലുള്ള അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറുകയും ചെയ്തു. പിന്നാലെ റീപ്ലേയിൽ ഇത് ഔട്ടാണ് എന്ന് വ്യക്തമായി. തകർപ്പൻ ടീം വർക്കിലൂടെയാണ് കൊട്ടിയനും സഞ്ജു സാംസനും ചേർന്ന് ലിവിങ്സ്റ്റണെ പുറത്താക്കിയത്.
മത്സരത്തിൽ 14 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ 21 റൺസാണ് നേടിയത്. 2 ബൗണ്ടറികളും ഒരു സിക്സറും ലിവിങ്സ്റ്റണിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. എന്തായാലും ഇതോടെ അവസാന ഓവറുകളിൽ അപകടകാരിയായ ലിവിങ്സ്റ്റനെ പുറത്താക്കാൻ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ബോളർമാർ രാജസ്ഥാന് നൽകിയത്. തുടക്കത്തിൽ തന്നെ പഞ്ചാബിന്റെ അപകടകാരിയായ ബാറ്റർമാരെ കൂടാരം കയറ്റാൻ രാജസ്ഥാന് സാധിച്ചു.
24 പന്തുകളിൽ 29 റൺസ് നേടിയ ജിതേഷ് ശർമയാണ് പഞ്ചാബിനായി ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ശേഷം അവസാന ഓവറുകളിൽ 16 പന്തുകളിൽ 31 റൺസുമായി ആഷുടോഷ് ശർമയും മികവാർന്ന പ്രകടനം കാഴ്ചവച്ചു. എന്തിരുന്നാലും രാജസ്ഥാനെതിരെ നിശ്ചിത 20 ഓവറുകളിൽ കേവലം 147 റൺസ് മാത്രം സ്വന്തമാക്കാനേ പഞ്ചാബിന് സാധിച്ചിട്ടുള്ളൂ. രാജസ്ഥാനായി 2 വിക്കറ്റുകൾ വീതം നേടിയ ആവേശ് ഖാനും കേശവ് മഹാരാജുമാണ് ബോളിങ്ങിൽ തിളങ്ങിയത്.