ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറി പ്രകടനത്തില്‍ സിംബാബ്‍വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. ശുഭ്മൻ ഗിൽ 97 പന്തിൽ 130 റൺസെടുത്തു ടോപ്പ് സ്കോററായി. 82 പന്തില്‍നിന്ന് തന്‍റെ കന്നി ഏകദിന സെഞ്ചുറി നേടിയ താരം 15 ഫോറുകളും ഒരു സിക്സുമാണു അടിച്ചുകൂട്ടിയത്.
ഇഷാൻ കിഷൻ അർധ സെഞ്ചറി നേടി. 61 പന്തുകൾ നേരിട്ട ഇഷാൻ 50 റൺസെടുത്തു റണ്ണൗട്ടാകുകയായിരുന്നു. ധവാന്‍ (40) കെല്‍ രാഹുല്‍ (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. കഴിഞ്ഞ മത്സരത്തിലെ പ്ലെയർ ഓഫ് ദ മാച്ച് സഞ്ജു സാംസൺ 15(13) റൺസ് നേടി പുറത്തായി. രണ്ട് സിക്സറുകൾ പായിച്ചാണ് ആറാമനായി ക്രീസിലെത്തിയ മലയാളി ബാറ്റർ പുറത്തായത്.
46ാം ഓവര്‍ എറിയാനെത്തിയ ലൂക്ക് ജോങ്വെയെ നാലാം പന്തിലും അഞ്ചാം പന്തിലും ബൗണ്ടറിക്ക് മീതെ പറത്തി. ആദ്യ സിക്സ് പോയത് 98 മീറ്റര്‍ ദൂരമാണ്. അവസാന പന്തിലും സിക്സ് അടിക്കാനുള്ള ശ്രമം കൈതാനോയുടെ കൈകളില്‍ ഒതുങ്ങി.
സിംബാബ്വേയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. വിക്റ്റർ ന്യൂച്ചി, ലൂക്ക് ജോങ്വേ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളും വിജയിച്ച് ഇതിനോടകം പരമ്പര വിജയം നേടിയ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ലാ. ആവേശ് ഖാന്‍, ദീപക്ക് ചഹര്‍ എന്നിവരാണ് പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടിയത്.