ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. എന്നാൽ ലോകകപ്പിന് മുൻപ് ഇനിയും സഞ്ജുവിന് ഏകദിനങ്ങളിൽ കളിക്കാൻ അവസരം ലഭിക്കുമോ എന്ന കാര്യം ആരാധകരുടെയുള്ളിൽ പോലും നിരാശ ഉണ്ടാക്കിയിരുന്നു.
പക്ഷേ എല്ലാവർക്കും സന്തോഷിക്കാനുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഈ മാസം അവസാനം നടക്കാൻ പോകുന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടംപിടിക്കും എന്ന സൂചനകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാകപ്പിൽ സഞ്ജുവിന് അവസരങ്ങൾ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏകദിനത്തിൽ സഞ്ജുവിന്റെ പ്രധാന എതിരാളിയായിരുന്ന കെ എൽ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ ടീമിലേക്ക് ഉടൻ മടങ്ങി വരില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാസങ്ങളായി പരിക്കിന്റെ പിടിയിലായ രാഹുലും ശ്രേയസ് അയ്യരും ഏഷ്യകപ്പിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇരുവരും നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് കണ്ടെത്താനുള്ള പ്രയത്നത്തിലാണ്. എന്നിരുന്നാലും ഇരുവരും ഇതുവരെ തങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഏഷ്യാകപ്പിൽ ഇരുവരും പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഏഷ്യാകപ്പിന് ശേഷം ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയിലൂടെയാവും ഇനി ഇവർ തിരിച്ചെത്തുക. 2023 മാർച്ചിലായിരുന്നു അയ്യർ പുറംവേദന മൂലം കളിക്കളത്തിന് പുറത്തേക്ക് പോയത്. പുറം ഭാഗത്തിനെ വേദന കാരണം ശസ്ത്രക്രിയയ്ക്ക് തയ്യാറാവുകയായിരുന്നു അയ്യർ. അതിനുശേഷം ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമടക്കം ശ്രെയസ് അയ്യർക്ക് നഷ്ടപ്പെടുകയുണ്ടായി. ഐപിഎല്ലിനിടെ പരിക്ക് പറ്റിയ കെ എൽ രാഹുലിനും ഈ മത്സരങ്ങളിലൊക്കെ പങ്കെടുക്കാൻ സാധിച്ചില്ല. ശേഷമാണ് ഇരുവരും ഏഷ്യാകപ്പിലൂടെ തിരികെയെത്തും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്തായാലും ഇരുവരും ഏഷ്യാകപ്പിൽ പങ്കെടുക്കില്ല എന്നത് സഞ്ജു സാംസന് വളരെ ആശ്വാസമായിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിലേ വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരം നടക്കുന്നത് സഞ്ജുവും ഇഷാനും തമ്മിലാണ്. എന്നിരുന്നാലും വരും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യ സഞ്ജുവിനെ ഒരു മുൻനിര ബാറ്റർ എന്ന നിലയിൽ തന്നെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.