സഞ്ജു ലോകകപ്പിൽ സ്ഥാനമർഹിയ്ക്കുന്നു, ഇനിയും അവഗണിക്കരുത്. അഭ്യർത്ഥനയുമായി ഷാഫി എംഎൽഎ.

ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോഴും അവഗണിക്കപ്പെട്ട ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. വളരെ നാളുകൾക്കു മുൻപ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും സഞ്ജുവിന് ഇതുവരെ കളിക്കാനായത് 12 ഏകദിനങ്ങൾ മാത്രമാണ്. പലപ്പോഴും ഇന്ത്യൻ ടീം സ്ഥിരമായി സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താറില്ല. എന്നാൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവച്ചത്.

മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ സഞ്ജു 41 പന്തുകളിൽ നിന്ന് 51 റൺസാണ് നേടിയത്. തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സഞ്ജുവിന് സാധിച്ചു. ഇതിനു പിന്നാലെ സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ടായിരുന്നു മൂന്നാം മത്സരത്തിൽ സഞ്ജു അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇതിനുശേഷമാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് കമന്റിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. സഞ്ജുവിന് ഇനിയും ഇന്ത്യ അവഗണിക്കാൻ പാടില്ല എന്ന അഭിപ്രായമാണ് ഷാഫി പറമ്പിൽ പറയുന്നത്. 2023ൽ ഏഷ്യാകപ്പും ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ സഞ്ജുവിനെ അടുത്തുചേർത്ത് നിർത്തണം എന്നാണ് ഷാഫിയുടെ അഭിപ്രായം. സഞ്ജുവിന്റെ പോസ്റ്റിന് തൊട്ടടിയിലാണ് ഷാഫി പറമ്പിൽ തന്നെ അഭിപ്രായം രേഖപ്പെടുത്തിയത്.

“ഇന്ത്യ സഞ്ജു സാംസണെ ഇനിയും അവഗണിക്കാൻ പാടില്ല. 2023ൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ അദ്ദേഹം സ്ഥാനം അർഹിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അതിനിർണായകമായ മത്സരങ്ങളിൽ മാത്രം സഞ്ജുവിന് അവസരം നൽകുന്നത് ഇന്ത്യ നിർത്തേണ്ടതുണ്ട്. സഞ്ജുവിന് സ്ഥിരമായി അവസരം നൽകാൻ ഇന്ത്യ തയ്യാറാവണം. അങ്ങനെയെങ്കിൽ സഞ്ജു അധികം വൈകാതെ തന്നെ ഏറ്റവും മികച്ച ബാറ്ററായി മാറും എന്നാണ് ഞാൻ കരുതുന്നത്.”- ഷാഫി പറമ്പിൽ കമന്റ് ചെയ്തു.

ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഇന്നിങ്സ് തന്നെയായിരുന്നു മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ കളിച്ചത്. സഞ്ജുവിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ 200 റൺസിന് വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തുകയുണ്ടായി. മാത്രമല്ല ഈ വിജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര 2-1ന് സ്വന്തമാക്കാനും സാധിച്ചു. വരാനിരിക്കുന്ന ട്വന്റി20 പരമ്പരയിലും ഇന്ത്യ സഞ്ജുവിന് അവസരം നൽകുമെന്നാണ് കരുതുന്നത്. വെസ്റ്റിൻഡിസിനെതിരെ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.