ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാശാലിയായ ക്രിക്കറ്റർ തന്നെയാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസൺ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. എന്നിരുന്നാലും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൃത്യമായി സ്ഥാനം കണ്ടെത്താൻ സഞ്ജു വിഷമിക്കുകയാണ്. ഇതുവരെ ഇന്ത്യക്കായി കേവലം 11 ഏകദിന മത്സരങ്ങൾ മാത്രമാണ് സഞ്ജുവിന് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് 66 റൺസ് ശരാശരിയിൽ 330 റൺസ് സഞ്ജു നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ടീമിനായി കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാൽ ലോകത്താകമാനം സഞ്ജു സാംസന് ഒരുപാട് ആരാധകരാണുള്ളത്. സഞ്ജുവിന്റെ ലാളിത്യമേറിയ പെരുമാറ്റമാണ് ഈ ആരാധക പ്രവാഹത്തിന് കാരണം. സഞ്ജുവിന്റെ സഹജീവി സ്നേഹം കൂടുതൽ വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയുമായാണ് രാജസ്ഥാൻ റോയൽസിന്റെ ട്രെയിനർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു നിശ്ചിത ശതമാനം ആഭ്യന്തര കളിക്കാർക്കും കുട്ടികൾക്കുമായി സഞ്ജു ചിലവഴിക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ റോയൽസിന്റെ ട്രെയിനർ വികടൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. “സഞ്ജു സാംസന് ഒരു വർഷം ലഭിക്കുന്ന തുക 15 കോടി രൂപയാണ്. ഇതിൽ രണ്ടു കോടി രൂപയെങ്കിലും സഞ്ജു സാംസൺ ആഭ്യന്തര കളിക്കാർക്കും മികച്ച കഴിവുകളുള്ള കുട്ടികൾക്കുമായി നൽകുന്നുണ്ട്. ഒരു കളിക്കാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ സഞ്ജു ശ്രദ്ധിക്കപ്പെടാൻ കാരണവും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിജയത്തിനും കാരണം ഇത്തരം മനുഷ്യത്വപരമായ നിലപാടാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ഇത്രയധികം ആരാധകരുള്ളത്.”- ട്രെയിനർ പറഞ്ഞു.
2013ലെ ഐപിഎൽ സീസണിൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നത്. അതിനു ശേഷം സഞ്ജു രാജസ്ഥാന്റെ നട്ടെല്ലായി മാറുകയായിരുന്നു. ശേഷം 2021 ലാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാപ്റ്റൻസി സഞ്ജു സാംസനെ ഏൽപ്പിച്ചത്. തൊട്ടുപിന്നാലെ 2022 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ടതോടെ രാജസ്ഥാന് കിരീടം നഷ്ടമാവുകയാണ് ഉണ്ടായത്.
പിന്നീട് 2023 ഐപിഎല്ലില്ലും മികച്ച പ്രകടനം തന്നെ സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ കാഴ്ചവച്ചു. എന്നിരുന്നാലും ടൂർണമെന്റിന്റെ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല. ഇതിനുശേഷം ഇന്ത്യൻ ടീമിലെ സ്ഥാനത്തെ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മികച്ച പ്രകടനങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും മറ്റും കാഴ്ചവച്ച് എങ്ങനെയെങ്കിലും ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ ഇപ്പോൾ.