വളരെ കുറവ് അന്താരാഷ്ട്ര മത്സരങ്ങളാണ് സഞ്ചു സാംസണ്‍ കളിച്ചട്ടുള്ളതെങ്കിലും, നിരവധി ആരാധകരാണ് താരത്തിനുള്ളത്. സമൂഹമാധ്യമങ്ങളില്‍ മാത്രമല്ലാ സഞ്ചുവിന് പിന്തുണയുമായി സ്റ്റേഡിയത്തിലും എത്താറുണ്ട്. ഈയിടെയായി അത് പല തവണ തെളിയിച്ചതാണ്. ആദ്യം അയര്‍ലണ്ടില്‍ കാണികളുടെ ആരവം കേട്ട് ഹാര്‍ദ്ദിക്ക് പാണ്ട്യ ഞെട്ടിയപ്പോള്‍, ഇത്തവണ അത് അമേരിക്കയിലായിരുന്നു. ഇത്തവണ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയും.
ടോസ്സിനു ശേഷം സഞ്ചു ടീമിലുണ്ട് എന്ന് അറിയിച്ചപ്പോഴായിരുന്നു കാണികളുടെ ആരവം. ആമേരിക്കയിലും തനിക്ക് ഒരുപാട് ആരാധകര്‍ ഉണ്ട് എന്നത് കാണിച്ചു തന്നു. ശ്രേയസ്സ് അയ്യർക്ക് പകരമാണ് സഞ്ജു സാംസൺ ടീമിലെത്തിയത്. ഹാർദിക്ക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർക്ക് പകരം അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവരും പ്ലേയിങ്ങ് ഇലവനില്‍ എത്തി.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ചുവിന് സാധിച്ചു. അവസാനം വരെ ക്രീസില്‍ നിന്ന സഞ്ചു സാംസണ്‍ 23 പന്തില്‍ 2 ഫോറും 1 സിക്സുമായി 30 റണ്‍സാണ് നേടിയത്. ഫീല്‍ഡിങ്ങിലും താരം മികച്ചു നിന്നു. അപകടകാരിയായ നിക്കോളസ് പൂരനെ റണ്ണൗട്ടാക്കിയതും ഈ മലയാളി താരമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ടി20 യില്‍ 59 റണ്‍സിന്‍റെ വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 132 റണ്‍സില്‍ എല്ലാവരും പുറത്തായി. വിജയത്തോടെ ഒരു മത്സരം ബാക്കി നില്‍ക്കേ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച്ച നടക്കും.