എല്ലാവരും തള്ളി പറഞ്ഞു. ക്യാപ്റ്റന്‍ പിന്തുണച്ചു. ശക്തമായ തിരിച്ചു വരവുമായി ആവേശ് ഖാന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള നാലാം ടി20 യില്‍ 59 റണ്‍സിന്‍റെ വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 132 റണ്‍സില്‍ എല്ലാവരും പുറത്തായി. വിജയത്തോടെ ഒരു മത്സരം ബാക്കി നില്‍ക്കേ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച്ച നടക്കും.

വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ്, ഭുവനേശ്വര്‍ കുമാറിനെ മൂന്ന് ബൗണ്ടറികളടിച്ചാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. എന്നാല്‍ ആവേശ് ഖാന്‍റെ ഇരട്ട പ്രഹരം വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ബ്രാണ്ടന്‍ കിങ്ങിനെയും ഡെവോണ്‍ തോമസിനെയും പുറത്താക്കിയ താരം നാലോവറില്‍ വഴങ്ങിയത് 17 റണ്‍സ് മാത്രമായിരുന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ആവേശ് ഖാനായിരുന്നു.

FZgCkyPaAAA1e4T

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടണം എന്ന ആവശ്യം നേരിട്ട താരം, വീണ്ടും അവസരം ലഭിച്ച് ശക്തമായാണ് തിരിച്ചെത്തിയത്. 3 ഓവറില്‍ 47, 2.2 ഓവറില്‍ 31 റണ്‍സ് എന്നീ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ ആവേശ് ഖാന്‍ നടത്തിയത്. കോച്ചുമാരും ക്യാപ്റ്റനും തന്നെ പിന്തുണച്ചതായി മത്സര ശേഷം ആവേശ് ഖാന്‍ പറഞ്ഞു.

” ഇന്ന് എനിക്ക് ശരിക്കും സന്തോഷം തോന്നുന്നു. കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഞാൻ മികച്ച പ്രകടനം നടത്തിയിരുന്നില്ലാ. ഞാൻ ഇന്ന് എന്റെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാര്‍ഡ് ലെങ്ത് ബൗൾ ചെയ്യ്തു. എന്റെ പരിശീലകരും ക്യാപ്റ്റനും എന്നെ പിന്തുണയ്ക്കുന്നുവെന്ന് എന്നോട് പറഞ്ഞു. അവർ എന്നോട് തിരിച്ചുവരാൻ പറഞ്ഞു, എന്നെ ഒരുപാട് പിന്തുണച്ചു. ഇനി അവശേഷിക്കുന്ന അടുത്ത മത്സരത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാൻ എന്റെ വേഗത കുറഞ്ഞ ഡെലിവറികളെ ഹാർഡ് ലെങ്തില്‍ എറിയുക എന്നതായിരുന്നു തന്ത്രം. ഈ ഗ്രൗണ്ട് ഇന്ത്യ പോലെ തോന്നുന്നു, കാണികള്‍ ഞങ്ങളെ കാണാൻ വന്നതിൽ സന്തോഷം. ” മത്സര ശേഷം ആവേശ് ഖാന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ആവേശ് ഖാന്‍റെ പ്രകടനത്തെ പ്രശംസിച്ചു. ആവേശ് ഖാന്‍ കഴിവുള്ള താരമാണെന്നും എല്ലാ താരങ്ങള്‍ക്കും മതിയായ അവസരങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം എന്നും രോഹിത് പറഞ്ഞു.

” ആവേശിന്റെ കഴിവ് ഞങ്ങൾക്കറിയാം. ആർക്കും ഒന്നോ രണ്ടോ മോശം ഗെയിമുകൾ ഉണ്ടാകാം, പക്ഷേ അവന്റെ കഴിവുകൾ ഞങ്ങളുടെ മനസ്സില്ലുണ്ട്. താരങ്ങള്‍ക്ക് മതിയായ സമയം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൻ സാഹചര്യങ്ങളും ഉയരവും നന്നായി ഉപയോഗിച്ചു ” രോഹിത് പറഞ്ഞു.