ബും ബും അര്‍ഷദീപ്. സ്റ്റംപുകള്‍ എടുത്ത് ഇന്ത്യന്‍ യുവതാരം. പ്രതീക്ഷയോടെ ആരാധകര്‍

അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന നാലാം ടി20 മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 132 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒരു മത്സരം ബാക്കി നില്‍ക്കേ 59 റണ്‍സിന്‍റെ കൂറ്റന്‍ വിജയത്തോടെയാണ് ഇന്ത്യ പരമ്പര നേടിയത്.

മത്സരത്തില്‍ അര്‍ഷദീപ് സിങ്ങായിരുന്നു കൂടുതല്‍ വിക്കറ്റ് നേടിയത്. 3.1 ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങിയാണ് അര്‍ഷദീപിന്‍റെ 3 വിക്കറ്റ് നേട്ടം. ജേസണ്‍ ഹോള്‍ഡറെ സഞ്ചുവിന്‍റെ കൈകളില്‍ എത്തിച്ചതിനു ശേഷം ഡൊമിനക്ക് ഡ്രേക്ക്സിന്‍റെയും ഒബൈദ് മക്കോയുടേയും കുറ്റി തെറിപ്പിച്ചു. ഈ പരമ്പരയിലെ അര്‍ഷദീപിന്‍റെ ഏഴാം വിക്കറ്റാണ് ഇത്.

FZNs6VsWQAEea3T

കരിയറിലെ അഞ്ചാം ടി20 മത്സരം മാത്രം കളിക്കുന്ന അര്‍ഷദീപ് ഇതിനോടകം വിസ്മയിപ്പിച്ചു കഴിഞ്ഞു. ഡെത്ത് ഓവറില്‍ മികച്ചു നില്‍ക്കുന്ന അര്‍ഷദീപിനെ ബുംറക്കൊപ്പം ഓസ്ട്രേലിയന്‍ ലോകകപ്പില്‍ കാണണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഏറെ കാലമായി ഇടം കൈയ്യന്‍ പേസറുടെ കുറവ് അനുഭവിക്കുന്ന ഇന്ത്യന്‍ ടീമിന് അര്‍ഷദീപ് ഒരു മുതല്‍ക്കൂട്ടായിരിക്കും.

FY4W 6LWAAAMFbM

ഇംഗ്ലണ്ടിനെതിരെ 3.3 ഓവറില്‍ 1 മെയ്ഡനടക്കം 18 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേട്ടവുമായാണ് അര്‍ഷദീപ് ടി20 കരിയര്‍ ആരംഭിച്ചത്. വിന്‍ഡീസിനെതിരെ 4-0-24-2, 4-0-26-1, 4-0-33-1, 3.1 -0-12-3 എന്നിങ്ങനെയാണ് അര്‍ഷദീപിന്‍റെ പ്രകടനങ്ങള്‍. ഡെത്ത് ഓവറില്‍ സമര്‍ദ്ദമില്ലാതെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ എറിയുന്നതാണ് അര്‍ഷദീപിന്‍റെ പ്രത്യേകത. ഇത് കണക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 9.4 ഓവര്‍ എറിഞ്ഞ താരം 5.69 ഇക്കോണമിയില്‍ 7 വിക്കറ്റ് വീഴ്ത്തി.