രോഹിതിനെയും കോഹ്ലിയേയും മറികടന്ന് സഞ്ജു ഒന്നാമത്. 2024ലെ ട്വന്റി20യിലെ റൺവേട്ടക്കാർ.

2024ൽ ട്വന്റി20 ക്രിക്കറ്റിൽ തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചിട്ടുള്ളത്. ഈ വർഷം 3 ട്വന്റി20 സെഞ്ച്വറികൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഇതോടെ  2024 കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ട്വന്റി20 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ താരമായി സഞ്ജു സാംസൺ മാറി.

രോഹിത് ശർമ, വിരാട് കോഹ്ലി അടക്കമുള്ള വമ്പൻമാരെ പിന്തള്ളിയാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് സഞ്ജു എത്തിയിരിക്കുന്നത്. ഇതുവരെ 2024ൽ 46.04 റൺസ് ശരാശരിയിൽ 967 റൺസാണ് സഞ്ജു സാംസൺ നേടിയിരിക്കുന്നത്. ഈ വർഷം ഏറ്റവുമധികം ട്വന്റി20 റൺസ് കണ്ടെത്തിയ ഇന്ത്യൻ താരം സഞ്ജു തന്നെയാണ്.

ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ സൂപർ താരം വിരാട് കോഹ്ലിയാണ്. 2024ൽ ട്വന്റി20 ക്രിക്കറ്റിൽ 921 റൺസാണ് കോഹ്ലി കണ്ടെത്തിയിരിക്കുന്നത്. 41.86 എന്ന ശരാശരിയിലാണ് കോഹ്ലിയുടെ നേട്ടം. 2024ൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച അഭിഷേക് ശർമയാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കായി ഒരു ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കാനും അഭിഷേകിന് സാധിച്ചിരുന്നു. ഈ വർഷം 874 റൺസാണ് അഭിഷേക് ശർമ ട്വന്റി20 ക്രിക്കറ്റിൽ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ 29.13 എന്ന ശരാശരി മാത്രമാണ് അഭിഷേക് ശർമ്മയ്ക്ക് ഉള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന 2 ട്വന്റി20 മത്സരങ്ങളിലും സെഞ്ച്വറി സ്വന്തമാക്കിയ യുവതാരം തിലക് വർമയാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഉള്ളത്. 839 റൺസാണ് തിലക് വർമ 2024ൽ കരിയറിൽ നേടിയിട്ടുള്ളത്. 52.43 എന്ന വമ്പൻ ശരാശരിയിലാണ് തിലക് വർമയുടെ ട്വന്റി20യിലെ ഈ നേട്ടം.

വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും തിലക് വർമ ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മുൻ ഇന്ത്യൻ നായകനായ രോഹിത് ശർമയാണ് ഈ ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരൻ. 2024 കലണ്ടർ വർഷത്തിൽ 795 ട്വന്റി20 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുള്ളത്. 36.13 എന്ന ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം.

ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങളുമായി ഇന്ത്യൻ യുവതാരങ്ങളുടെ കടന്നുവരമാണ് ഈ ലിസ്റ്റിൽ കാണാൻ സാധിക്കുന്നത്. 2026 ട്വന്റി20 ലോകകപ്പിനായി ഒരു യുവ ടീമിനെ അണിയിച്ചൊരുക്കാൻ ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രചോദനമാണ് ഈ ലിസ്റ്റ്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ വളരെ മികച്ച പ്രകടനമാണ് കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിൽ കാഴ്ച വച്ചിട്ടുള്ളത്. ശ്രീലങ്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും ട്വന്റി20 പരമ്പരകൾ തൂത്തുവാരാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 3-1 എന്ന നിലയിലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതൊക്കെയും യുവതാരങ്ങളുടെ ഇത്തരത്തിലുള്ള മികച്ച പ്രകടനത്തിന്റെ കൂടെ അടിസ്ഥാനത്തിലാണ്.

Previous articleആ ഇന്ത്യന്‍ താരത്തോട് ഓസ്ട്രേലിയയില്‍ തുടരാന്‍ നിര്‍ദ്ദേശം. ഹര്‍ഷിത് റാണ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.