നിലവിലെ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിന്റെ കരിയർ ഈ വർഷം മാറിമറിയും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2023 ഒക്ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കും എന്ന വാർത്തകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. സഞ്ജു ആരാധകർക്ക് ആവേശമായാണ് ഈ വാർത്ത എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സംഭവിക്കുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസന്റെ ആദ്യ ലോകകപ്പ് ആയിരിക്കും 2023ലേത്. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിലേക്ക് സഞ്ജു സാംസന് എത്തിപ്പെടാൻ ഇനിയും ഒരുപാട് അവസരങ്ങൾ മുമ്പിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
എബിപി ന്യൂസാണ് ഇതേ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ പ്രഖ്യാപിക്കാനിരിക്കുന്ന 20 അംഗ ലോകകപ്പ് സ്ക്വാഡിൽ സഞ്ജു സാംസണും ഇടം കണ്ടെത്തുമെന്നായിരുന്നു എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തത്. അങ്ങനെ 20 അംഗ ടീമിൽ സഞ്ജുവിന് ഇടം പിടിക്കാൻ സാധിച്ചാൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധ്യതകൾ ഏറെയാണ്. നിലവിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായ റിഷാഭ് പന്ത് പരിക്ക്മൂലം മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇപ്പോൾ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് പന്ത് ഉള്ളത്. ലോകകപ്പിന് മുമ്പായി റിഷഭ് പന്ത് തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ സാധ്യതയില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇങ്ങനെ പന്തിന്റെ അഭാവത്തിൽ സഞ്ജുവിന് ടീമിലേക്ക് വിളിയെത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. കെ എൽ രാഹുൽ നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാണെങ്കിലും അദ്ദേഹവും പരിക്കിന്റെ പിടിയിലാണ്. ഏഷ്യാകപ്പിന് മുൻപ് രാഹുൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷേ അക്കാര്യത്തിൽ യാതൊരുവിധ സ്ഥിതീകരണവും ഇതുവരെ എത്തിയിട്ടില്ല. പിന്നീട് സഞ്ജുവിനു മുന്നിലുള്ള ഏക തടസ്സം ഇഷാൻ കിഷനാണ്. പക്ഷേ ഏകദിന മത്സരങ്ങളിലെ പ്രകടനങ്ങൾ വിലയിരുത്തിയാൽ ഇഷാനേക്കാളും എന്തുകൊണ്ടും ഇന്ത്യയ്ക്ക് വിശ്വസിക്കാനാവുന്ന ബാറ്ററാണ് സഞ്ജു സാംസൺ.
പന്തിന് എന്തുകൊണ്ടും പകരക്കാരനാവാൻ സഞ്ജു സാംസൺ സാധിക്കും. അഞ്ചാം നമ്പറിൽ പന്തിനെ പോലെ തന്നെ വളരെ വേഗതയിൽ സ്കോർ നേടാൻ സാധിക്കുന്ന ബാറ്ററാണ് സഞ്ജു. മാത്രമല്ല സാഹചര്യത്തിനനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്താനും സഞ്ജു സാംസന് സാധിക്കും. ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി സഞ്ജു സാംസൺ കളിച്ചത് കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു. 2022 ട്വന്റി20 ലോകകപ്പിന് മുൻപായിയായിരുന്നു സഞ്ജുവിന്റെ അവസാന ഏകദിന മത്സരം. ശേഷം സഞ്ജുവിനെ പരിക്കു പിടികൂടുകയും ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയും ചെയ്തിരുന്നു.